പത്തനംതിട്ട : ജില്ലയിലെ മലയോര മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ തന്നെ വെള്ളം ലഭ്യമാകുന്നതിന് അവിടെയുള്ള ജലസ്രോതസ് ശക്തമാക്കും. ഭക്ഷ്യയോഗ്യമായ സസ്യങ്ങള്‍ വനത്തില്‍ വളര്‍ത്തും. വന്യമൃഗങ്ങള്‍ നാട്ടിലെത്താതിരിക്കാന്‍ വനം വകുപ്പ് വഴി തടസം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇലന്തൂര്‍ തൂക്കുപാലം പെട്രാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സംവാദത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പി എസ് സതീഷ് കുമാര്‍, അഡ്വ. മണ്ണടി മോഹന്‍ എന്നിവര്‍ ഉന്നയിച്ച വിഷയത്തില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
വന്യമൃഗ ശല്യം മൂലം കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുന്നു. മലയോര മേഖലയ്ക്ക് പുറമെ ജില്ലയിലെ അടൂര്‍, പന്തളം ഭാഗങ്ങളിലും വന്യമൃഗ ആക്രമണം നേരിടുന്നുണ്ട്. കര്‍ഷകര്‍ക്ക് വേണ്ടി സമഗ്രമായ ഒരു പദ്ധതി നടപാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന വില്ലേജുകളില്‍ തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ വെട്ടുന്നതിന് അനുവാദം ലഭിച്ചിട്ടില്ല. പട്ടയ ഭൂമിയിലെ മരങ്ങള്‍ വെട്ടാനോ, വെട്ടിയിട്ട മരങ്ങള്‍ നീക്കം ചെയ്യാനോ ഉള്ള അനുമതി കിട്ടുന്നില്ല. കച്ചവടക്കര്‍ മരങ്ങള്‍ വാങ്ങിയാലും കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. ഇതിനു സര്‍ക്കാരില്‍ നിന്നും ഇടപെടല്‍ ഉണ്ടാകണമെന്ന് ജോര്‍ജ് എബ്രഹാമിന്റെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വനമേഖലയോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ചുള്ള തടസം എന്തെന്ന് പരിശോധിച്ച നടപടി സ്വീകരിക്കും. പട്ടയത്തില്‍ ആശങ്ക വേണ്ടന്നും പട്ടയ നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്ന് പാസ്റ്റര്‍ ഷിബു നെടുവേലി പുല്ലാട്, ഫാദര്‍ വി വൈ ജസില്‍ എന്നിവരുടെ ആവശ്യത്തോട് കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് പഠനം അവസാന ഘട്ടത്തിലാണ്. 152 ശുപാര്‍ശകള്‍ നടപ്പിലാക്കി. 12 എണ്ണം മന്ത്രിസഭയുടെ പരിഗണനയിലാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പദ്ധതി പഠിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മന്ത്രിസഭാ പരിഗണനയ്ക്ക് വിടേണ്ടവ, കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ടവ എന്നിവയ്ക്ക് പുറമെ നടപ്പാക്കാന്‍ പറ്റാത്ത ശുപാര്‍ശകളും ഉണ്ട്. ഇവ തരംതിരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്ന് ക്രോഡീകരിച്ച പട്ടിക തയ്യാറാക്കും. മറ്റ് വിഷയങ്ങളില്‍ കേന്ദ്രവുമായി ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളം ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തയിലേക്ക് അടുത്തു വരികയാണ്. ക്ഷീരകര്‍ഷകര്‍ സംസ്ഥാനത്ത് കൂടി വരികയാണെന്ന് മലയാലപ്പുഴ ശശിധരന്‍ നായരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ജില്ലയിലെ ചലച്ചിത്ര കലാകാരന്മാരുടെ സ്മരണകള്‍ നിലനിര്‍ത്താനുള്ള ഒരു സ്ഥാപനം സ്ഥാപിക്കണമെന്ന് ചലചിത്ര സംവിധായകന്‍ കവിയൂര്‍ ശിവ പ്രസാദ് നിര്‍ദേശിച്ചു. കലാകാരന്മാരുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനുള്ള സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാലങ്ങളില്‍ സ്‌കില്‍ ഡവലപ്മെന്റ്, ക്രിട്ടിക്കല്‍ തിങ്കിങ്, എ ഐ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനങ്ങള്‍ക്ക് അവസരം ഒരുക്കണം. വിദ്യാലയങ്ങളില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുവാന്‍ ശ്രമിക്കണം. ലഹരിക്കെതിരെ കുട്ടികളെ അണിനിരത്തി കേഡറ്റുകള്‍ രൂപികരിക്കുന്നത് പരിശോധിക്കണമെന്നും സാബു പുല്ലാട്ട് (അധ്യാപകന്‍) അഭ്യര്‍ഥിച്ചു. വിദ്യാലയങ്ങളില്‍ വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍ സ്‌കില്‍ ഡവലപ്മെന്റ് പദ്ധതി നടപ്പിലാക്കും. ഓരോ കുട്ടികളുടെയും ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് പരിശീലനം നല്‍കും. ലഹരിക്ക് എതിരെ എല്ലാവരുടെയും പങ്കാളിത്തത്തൊടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപ്പിലാക്കി വരുന്നു. വിദ്യാഭ്യാസ മേഖലയും ഇതിനായി സജ്ജമാണ്. കുട്ടികള്‍ക്ക് പാഠഭാഗങ്ങളില്‍ ആവശ്യമായവ ഉള്‍പ്പെടുത്തുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അധ്യാപകര്‍ക്ക് കൗണ്‍സിലിംഗ് പരിശീലനവും മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ്ങും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംരഭം ആരംഭിക്കുന്നതിന് ലൈസെന്‍സ് എടുക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്തണമെന്ന് അഷ്‌റഫ് അലങ്കാര്‍ (സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്) ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മുഖേന രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ ഒ സി ലഭ്യമാക്കുന്നതിനുള്ള കാല താമസം ഉള്‍പ്പെടയുള്ള പ്രയാസങ്ങള്‍ ദുരീകരിക്കണമെന്ന് അഷ്‌റഫ് അലങ്കാര്‍ അഭ്യര്‍ഥിച്ചു. വ്യവസായ സൗഹൃദ സംസ്ഥാനമാണ് കേരളം. മേഖലയിലെ എന്‍ ഒ സിക്ക് ഉണ്ടാകുന്ന കാലതാമസത്തിന് പരിഹാരത്തിന് സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തും. സംരംഭകരോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ ഇന്ന് മാറ്റം വന്നിട്ടുണ്ട്. വ്യവസായം നാടിന് നല്‍കുന്ന സേവനം ഇന്ന് ജനം തിരിച്ച് അറിയുന്നുണ്ടെന്നും ഓരോ സംരംഭകര്‍ക്കും പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുട്ടികളിലും മുതിര്‍ന്നവരിലും മാനസിക സമ്മര്‍ദ്ദം കുറക്കുവാനുള്ള ശാരീരിക മാനസിക വ്യായാമം നല്‍കുവാനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് യോഗാചാര്യന്‍ എം ജി ദിലീപിന് മുഖ്യമന്ത്രി മറുപടി നല്‍കി. വിജ്ഞാനകേരളത്തിന്റെ രണ്ടാംഘട്ടം എന്ന നിലയില്‍ വിജ്ഞാന പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ സ്‌കില്ലിംഗ് പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നു. പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ എല്ലാ കോളേജുകളിലും സ്‌കില്‍ സെന്റര്‍ നിര്‍ബന്ധമാക്കുകയും കെ കെ ഇ എം ന്റെ ക്രെഡിറ്റ് കോഴ്സുകള്‍ ക്രെഡിറ്റ് നല്‍കി പാഠ്യ പദ്ധതിയുടെ ഭാഗമാക്കാന്‍ കെ ഡിസ്‌കിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ അടിയന്തര ഇടപെടല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ഉണ്ടാകണമെന്നും പ്രൊഫ. റാണി ആര്‍ നായര്‍ പറഞ്ഞു. വിജ്ഞാന കേരളത്തിന്റെ ഭാഗമായി സ്‌കില്‍ നല്‍കാനുള്ള നടപടികള്‍ വ്യാപകമായി നടത്തും. തൊഴിലിന് ആവശ്യമായ നൈപുണ്യ പരീശീലനമാണ് നല്‍കുക. ഓരോ രാജ്യത്തിനും അനുസൃതമായ ഭാഷ പരിശീലനം നല്‍കും. പ്രത്യേക തൊഴിലിന്റെ ഭാഗമായി ലഭിക്കേണ്ട നൈപുണ്യമാകും അത് നല്‍കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുക. ഇതിനായി വിപുലമായ തയ്യാറെടുപുകളാണ് നടത്തുന്നത്. അസാപ്, കെ ഡിസ്‌ക് ന്റെ ഒക്കെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗുരു നിത്യ ചൈതന്യയുടെ പേരില്‍ സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അനില്‍ കുമാറിനോട് (എസ് എന്‍ ഡി പി) മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ ഉദ്ദേശിക്കുന്ന വേഗതയില്‍ പോകുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിപിക്കുന്ന കാര്യത്തിലും അതിനാവശ്യമായ യന്ത്ര സാമഗ്രികള്‍ വേഗതയില്‍ ആക്കാനും നടപടികള്‍ പൂര്‍ത്തീകരിക്കാനും വേണ്ട ഇടപെടല്‍ ഉണ്ടാകണമെന്നു അനില്‍ ബെഞ്ചമിന്‍ (കെ പി എം എസ് ജനറല്‍ സെക്രട്ടറി) അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വ്വേ മികച്ച രീതിയില്‍ നടപ്പാക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 200 വില്ലേജുകളില്‍ ആരംഭിച്ചത്. 2026 ഓടെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കും. വേഗതയില്‍ തന്നെ നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് ചികിത്സ തേടി പുറമേ നിന്ന് ഒട്ടേറെ പേര്‍ എത്തുന്നുണ്ടെന്നും ഹെല്‍ത്ത് ടൂറിസം പ്രധാനമായി കാണുന്നുവെന്നും ലൈഫ്ലൈന്‍ ആശുപത്രിയിലെ ഡോ. പാപ്പച്ചന്റെ നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. ആരോഗ്യ രംഗത്ത് മികച്ച സേവനമാണ് കേരളത്തില്‍ ലഭ്യമാകുന്നതെന്നും ഹെല്‍ത്ത് ഹബ് ആയി വളര്‍ത്തുന്നതിനുള്ള സംവിധാനങ്ങളും ലഭ്യമാണെന്നും പുറത്തേക്ക് ഹെല്‍ത്ത് മാര്‍ക്കറ്റ് ചെയ്താല്‍ വളരെ പ്രയോജനപ്പെടുമെന്നുമുള്ള നിര്‍ദ്ദേശം ഡോ. പാപ്പച്ചന്‍ പങ്ക് വെച്ചു. ഭിന്നശേഷി കുട്ടികളുടെ സ്‌കൂളുകള്‍ക്കായി 2024-25 സാമ്പത്തിക വര്‍ഷം 270 സ്‌കൂളുകള്‍ക്കായി 50 കോടിരൂപ ലഭ്യമാക്കി. ജില്ലയില്‍ അപേക്ഷിച്ച ഒമ്പത് സ്‌കൂളുകള്‍ക്കായി 1,78,49,500 രൂപ വിതരണം ചെയ്തു. 18 വയസ് കഴിഞ്ഞ ഭിന്നശേഷി കുട്ടികള്‍ക്ക് നിലവിലെ പദ്ധതികള്‍ സംബന്ധിച്ചും ദീപ്തി സ്പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡോ. സൂസന്‍ മാത്യുവിന്റെ നിര്‍ദേശത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.
10 ക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം, കുട്ടികളുടെ മാതാപിതാക്കള്‍ക്ക് യോഗ ആന്‍ഡ് വെല്‍നെസ് സെന്റര്‍, വൊക്കോഷണല്‍ ട്രെയിനിംഗ് സെന്ററുകളിലെ ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കായി കേന്ദ്രങ്ങള്‍ ജില്ലാതലത്തില്‍ ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശവും മുന്നോട്ടു വച്ചു. 2024-25 അധ്യായന വര്‍ഷത്തില്‍ സ്‌കൂളിന് ബസ് അനുവദിച്ചതിനും സ്പെഷ്യല്‍ സ്‌കുളുകള്‍ക്ക് 50 കോടി രൂപ അനുവദിക്കുകയും വിതരണം ചെയ്തതിനും ഡോ. സൂസന്‍ മാത്യുനന്ദി അറിയിച്ചു. ഹൃദ്യം പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തികരിച്ച ആറന്മുളയില്‍ നിന്ന് എത്തിയ വിദ്യാര്‍ഥിയായ ടി ആര്‍ ചിന്മയി സര്‍ക്കാരിന് നന്ദി പറഞ്ഞു. ജില്ലയെ ആത്മീയ നഗരമാക്കണമെന്ന നിര്‍ദ്ദേശം അഡ്വ. അന്‍സല്‍ കോമാട്ട് മുന്നോട്ട് വെച്ചു. സ്‌കൂളുകളില്‍ ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കുന്നതിനായുള്ള വേദി ഒരുക്കണമെന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീനിത ആഗ്രഹം പ്രകടിപ്പിച്ചു. ജില്ലയില്‍ ഗിഫ്റ്റ് സിറ്റി, ഇലക്ട്രോണിക് പാര്‍ക്ക് എന്നിവ നടപ്പാക്കാനുള്ള സാധ്യത പി എസ് നായര്‍ ആരാഞ്ഞൂ. ജില്ലാതല യോഗത്തില്‍ 23 പേരാണ് മുഖ്യമന്ത്രിയുമായി സംവദിച്ചത്. മറ്റുള്ളവര്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും എഴുതി നല്‍കി.