ആലപ്പുഴ: വയോധികയെ കാറിൽ കയറ്റിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നശേഷം ആളൊഴിഞ്ഞ റോഡിൽ തള്ളിയയാളെ പിടികൂടി. അടൂർ മൂന്നളം സഞ്ചിത് ഭവനിൽ സഞ്ജിത് എസ്. നായർ (44) എന്നയാളാണ് പിടിയിലായത്. ബാങ്കിൽ വാർധക്യകാല പെൻഷൻ വാങ്ങാൻ പന്തളത്തേക്ക് പോകാൻനിന്ന ആറ്റുവ സ്വദേശിയായ 75കാരിയാണ് ആക്രമണത്തിനിരയായത്. തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം നടന്നത്. ഇടപ്പോൺ എ.വി മുക്കിൽ പന്തളത്തേക്ക് പോകാൻ ബസ് കാത്തുനിന്ന വയോധികയുടെ സമീപത്ത് കാർ നിർത്തിയ ശേഷം വയോധികയോട് പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തപ്പോൾ പന്തളത്തേക്കാണെങ്കിൽ കാറിൽ കയറാൻ പറഞ്ഞപ്പോൾ വരുന്നില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് പിൻസീറ്റിൽ കയറ്റി യാത്ര തുടരുകയായിരുന്നു.
ചേരിക്കൽ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴേക്കും വയോധികയുടെ മുഖത്തേക്ക് മൂന്നുതവണ പെപ്പർ സ്പ്രേ അടിച്ചു. മുഖം പൊത്തി ശ്വാസംമുട്ടലോടെ ഇരുന്ന വയോധികയുടെ കഴുത്തിൽ കിടന്ന മാല വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചെങ്കിലും കഴുത്തിൽ കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് കഴുത്തിൽ കിടന്ന മൂന്നുപവന്റെ മാലയും ഒരുപവൻ വരുന്ന വളയും ബലമായി ഊരിയെടുക്കുകയുമായിരുന്നു. പിന്നീട് റോഡരികിൽ നിർത്തിയ കാറിൽനിന്ന് ഇയാൾ വയോധികയെ റോഡിൽ തള്ളിയിറക്കി. ഇറങ്ങുന്നതിനിടയിൽ ഇവരുടെ കൈയിലിരുന്ന പഴ്സും യുവാവ് തട്ടിപ്പറിച്ചു. റോഡിൽ കരഞ്ഞുകൊണ്ടു നിന്ന വയോധികയെ സമീപത്തെ വീട്ടിലെ വീട്ടമ്മയും തൊഴിലുറപ്പു തൊഴിലാളി സ്ത്രീകളും വിവരങ്ങൾ അന്വേഷിച്ചശേഷം വണ്ടിക്കൂലി നൽകി വീട്ടിലേക്ക് ബസ് കയറ്റിവിടുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് പോലീസിൽ പരാതി നൽകിയത്.