കൊച്ചി: ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രത്യേക ചട്ടം വരുന്നു. സ്പെഷല്‍ റൂള്‍സ് ഫോര്‍ ഇഷ്യൂയിങ് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ഫോര്‍ ക്വാറിയിങ് ആക്ടിവിറ്റീസ് -2020 എന്ന പേരില്‍ നടപ്പാക്കാനൊരുങ്ങുന്ന ചട്ടത്തിന്റെ കരട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. എന്‍.ഒ.സി നല്കാന് നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളില്‍ പലതും അബ്കാരി നിയമത്തിലേതിന് സമാനമാണ്. ഇതുസംബന്ധിച്ച് പ്രത്യേക നിയമം കൊണ്ടുവരുന്നതിന് കരട് തയാറാക്കാന്‍ അഡീ. അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി
സര്‍ക്കാര്‍ ഭൂമിയില്‍ ക്വാറികള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒന്നിലേറെ അപേക്ഷകള്‍ ലഭിക്കുമ്പോള്‍ മുന്‍ഗണന മാനദണ്ഡങ്ങളോ വ്യവസ്ഥകളോ നിലവിലില്ലാത്തത് ജില്ല കലക്ടര്‍മാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ക്കും ഇത് ഇടയാക്കിയിരുന്നു. നിയമപരമായ അനുമതികള്‍ നേടിയ ശേഷമേ എന്‍.ഒ.സി അപേക്ഷ നല്‍കാനാവൂ. വില്ലേജ് ഓഫിസര്‍മാര്‍ മുഖേന അന്വേഷിച്ച് അര്‍ഹത ബോധ്യപ്പെട്ടാല്‍ യുക്തമെന്ന് കളക്ടര്‍ക്ക് തോന്നുന്ന ഉപാധികളോടെയാവും എന്‍.ഒ.സി അനുവദിക്കുക. ഭൂമിയിലെ ധാതുനിക്ഷേപം സര്‍വേയിലൂടെ കണക്കാക്കി അത്രയും അളവിലുള്ള ഖനനത്തിന് മാത്രമേ അനുമതി നല്‍കാവൂവെന്ന് ചട്ടത്തില്‍ നിര്‍ദേശിക്കുന്നു. സ്ഥലo സ്കെച്ചില്‍ പറയുന്ന അളവിലേ ഖനനം അനുവദിക്കൂ. വ്യവസ്ഥ ലംഘിച്ചാല്‍ എന്‍.ഒ.സി റദ്ദാക്കാന്‍ കലക്ടര്‍ക്ക് അധികാരമുണ്ടാവും. നിലവില്‍ ഇതേസ്ഥലത്ത് ക്വാറി നടത്തിപ്പിന് അനുമതിയോ പാട്ടമോ ഉള്ള അപേക്ഷകന് ആദ്യ പരിഗണന ലഭിക്കും.
തൊട്ടടുത്ത ഭൂമിയില്‍ ക്വാറി നടത്തിപ്പിന് അനുമതിയുള്ള അപേക്ഷകന് രണ്ടാം പരിഗണനയും 10 വര്‍ഷത്തിനിടെ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും ക്വാറി നടത്തി പരിചയമുള്ളവര്‍ക്ക് മൂന്നാം പരിഗണനയും നിര്‍ദേശിക്കുന്നു. അതേസമയം റോയല്‍റ്റി, ധാതുവസ്തുക്കളുടെ വില, നഷ്ടപരിഹാരം, ഡെഡ് റന്റ് ഇനങ്ങളില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് മുന്‍ഗണനക്കുള്ള അര്‍ഹത ഉണ്ടാവില്ല. ക്വാറി നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് ഗതാഗത സൗകര്യമുള്ള 7.5 മീറ്റര്‍ വീതിയുള്ള റോഡ് ഉണ്ടാകണം. തിരിച്ചുകിട്ടാവുന്ന ഏണസ്റ്റ് മണി ഡെപ്പോസിറ്റ് (ഇ.എം.ഡി) എന്ന നിലയില്‍ ഒരു ഏക്കറിന് രണ്ടുലക്ഷം വീതം കെട്ടിവെക്കണം എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍. ഖനനം ആരംഭിക്കും മുമ്പ് തഹസില്‍ദാര്‍ മുമ്പാകെ സീനിയറേജ് കെട്ടിവെക്കുകയും ജിയോളജിസ്റ്റിന് മതിയായ രേഖകള്‍ നല്കി ബോധ്യപ്പെടുത്തുകയും വേണം. മുന്‍ഗണന വിഭാഗക്കാര്‍ ഇല്ലാത്ത പക്ഷം നറുക്കെടുപ്പിലൂടെയാവും അപേക്ഷയില്‍ തീരുമാനമെടുക്കുക. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നടപടി നേരിടുന്നവര്‍ എന്‍.ഒ.സി അപേക്ഷ നല്കാന് യോഗ്യരല്ലെന്നും കരട് ചട്ടത്തില്‍ പറയുന്നു.