മണിപ്പൂര്‍ : മണിപ്പൂരിൽ വാഹനഗതാഗതം തടസപ്പെടുത്താൻ ശ്രമം. ബസിനു നേരെ കല്ലേറുണ്ടായി. കാംങ്പോക്പി ജില്ലയിലാണ് പ്രതിഷേധം ഉണ്ടായത്. ഇംഫാൽ എയർപോർട്ടിൽ നിന്ന് സംഘർഷബാധിത മേഖലകളിലേക്കടക്കം സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഇതിനിടയിലാണ് ബസിന് നേരെ കല്ലേറ് ഉണ്ടായത്. രണ്ട് വർഷത്തിന് ശേഷം ഇംഫാലിൽ നിന്ന് മലയോര പ്രദേശങ്ങളിലേക്ക് അന്തർ ജില്ലാ സർവീസുകൾ പുനരാരംഭിച്ച ബസിന് നേരെയാണ് ആക്രമണം നടന്നത്. സേനാപതി ജില്ലയിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ആക്രമണം ഉണ്ടായത്. സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിക്കുകയും നേരെ ലാത്തി ചാർജ് നടത്തുകയും ചെയ്തു.
ചുരാചന്ദ്പൂർ, സേനാപതി എന്നീ മലയോര ജില്ലകളിലേക്കുള്ള ബസുകൾ രാവിലെ 10 മണിയോടെയാണ് ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരില്ലാതെ സർവീസ് തുടങ്ങിയത്. ഇംഫാൽ-കാങ്‌പോക്‌പി-സേനാപതി, സേനാപതി-കാങ്‌പോക്‌പി-ഇംഫാൽ, ഇംഫാൽ-ബിഷ്ണുപൂർ-ചുരാചന്ദ്പൂർ, ചുരാചന്ദ്പൂർ-ബിഷ്ണുപൂർ-ഇംഫാൽ റൂട്ടുകളിലാണ് ബസുകൾ സർവീസ് നടത്തുക. സുരക്ഷാസേനയുടെ നിരീക്ഷണത്തിൽ ആയിരുന്നു ആദ്യ സർവീസുകൾ നടത്തിയിരുന്നത്. ബുധനാഴ്ച മുതൽ ഹെലികോപ്റ്റർ സർവീസുകളും പുനരാരംഭിക്കും. കുക്കി – മെയ്തെയ് സംഘർഷത്തെ തുടർന്ന് മണിപ്പൂരിലെ വിവിധ മേഖലകളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.