ആലപ്പുഴ: നഗരത്തിൽ നാട്ടുകാരെ ഓടിച്ചിട്ട് കടിച്ച മൂന്ന് തെരുവുനായ്ക്കൾ ചത്തു. ഇതിൽ രണ്ടെണ്ണത്തിന് പേവിഷബാധയെന്ന് സ്ഥീരികരണം. തിങ്കളാഴ്ച കൊമ്മാടിയിലും പൂന്തോപ്പിലും വഴിയാത്രക്കാരടക്കം ഒമ്പതുപേരെ കടിച്ചശേഷം ചത്ത രണ്ട് തെരുവുനായ്ക്കളിലാണ് പേവിഷബാധ കണ്ടെത്തിയത്. ഞായറാഴ്ച തത്തംപള്ളിയിലും പുന്നമടയിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന 12 പേരെ കടിച്ച തെരുവ്നായ്ക്ക് പേവിഷബാധയില്ലെന്നും പരിശോധനയിൽ തെളിഞ്ഞു. രണ്ടുദിവസമായി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ കൂട്ടത്തോടെ കടിയേറ്റതിന് പിന്നാലെ പിടികൂടി നഗരചത്വരത്തിൽ പാർപ്പിച്ച തെരുവ്നായക്കളടക്കമാണ് ചത്തത്. തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ നായ്ക്കളുടെ ജഡം വിദഗ്ധ പരിശോധനക്കും പോസ്റ്റുമോർട്ടത്തിനുമായി തിരുവല്ല മാഞ്ഞാടിയിലെ കേന്ദ്രത്തിലേക്ക് അയച്ചു.
വൈകീട്ട് ഫലമെത്തിയതോടെയാണ് പേവിഷബാധ സ്ഥീകരിച്ചത്. ഒരെണ്ണം തിങ്കളാഴ്ച രാവിലെ 10നും പേവിഷബാധ കണ്ടെത്തിയ നായ്ക്കൾ ഉച്ചയോടെയുമാണ് ചത്തത്. ഞായറാഴ്ച രാവിലെ 7.30നായിരുന്നു ആദ്യസംഭവം. തത്തംപള്ളി പള്ളിക്ക് സമീപത്തായിരുന്നു തുടക്കം. പിന്നീട് പുന്നമട സ്റ്റാർട്ടിങ് പോയിന്റ് റോഡിലെ സ്വകാര്യറിസോർട്ടിലെ രണ്ട് ജീവനക്കാരെ കടിച്ചു. പ്രാർഥനക്ക് പള്ളിയിലേക്ക് പോയവർ, രണ്ട് വിദ്യാർഥികൾ, സൺഡേ സ്കൂൾ അധ്യാപിക എന്നിവരടക്കം നിരവധി പേരെയാണ് പട്ടി ഓടിച്ചിട്ട് കടിച്ചത്. ഇതിനിടെ ഒരു വളർത്തുനായ്ക്കും മറ്റൊരു തെരുവുനായ്ക്കും കടിയേറ്റു.നായെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് വീണ് പരിക്കേറ്റിരുന്നു. വഴിയെ പോയവരെയെല്ലാം ആക്രമിച്ച് വിറച്ചിച്ച നായെ പരിസരവാസിയായ ആന്റണി പുത്തൻപുരക്കലിന്റെ (ബിബി) സമയോചിത ഇടപെടലിലൂടെയാണ് പിടികൂടിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചതിന് പിന്നാലെയാണ് ചത്തത്. ആക്രമണത്തിൽ 12പേർക്ക് പരിക്കേറ്റിരുന്നു.