കോന്നി : കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാൻ വൈകുന്നു. കോന്നി ടൗണിലും പരിസര പ്രദേശങ്ങളിലും കോന്നി മെഡിക്കൽ കോളേജ് പരിസരങ്ങളും അടക്കം തെരുവ് നായകൾ വിഹരിക്കുകയാണ്. കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങൾ ആണ് മെഡിക്കൽ കോളേജ് പരിസരത്ത് തെരുവ് നായകൾ വർധിക്കുവാൻ കാരണമായി തീരുന്നത്. മെഡിക്കൽ കോളേജിലേക്ക് കടക്കുന്ന പ്രധാന റോഡിൽ ഇരു വശങ്ങളിലും കൊണ്ടുവന്ന് തള്ളുന്ന മാലിന്യങ്ങൾ തെരുവ് നായകളുടെ ശല്യം വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. പകൽ സമയങ്ങളിൽ പോലും തെരുവ് നായകൾ മെഡിക്കൽ കോളേജ് കവാടത്തിൽ കാണാം. കോന്നി സ്കൂൾ സമയങ്ങളിൽ ഇറങ്ങുന്ന നായ്ക്കൂട്ടം സ്കൂൾ കുട്ടികൾക്ക് ആണ് ഏറ്റവും കൂടുതൽ ഭീഷണിയായുന്നത്. പലപ്പോഴും നായകൾ കുട്ടികളെ കടിക്കുവാൻ ഓടിച്ച സംഭവം വരെ കോന്നിയിൽ ഉണ്ടായിട്ടുണ്ട്. തണ്ണിത്തോട് പഞ്ചായത്തിലും തെരുവ് നായ ശല്യം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് എലുമുള്ളുംപ്ലാക്കലിൽ സ്‌കൂട്ടർ യാത്രക്കാരിയുടെ പിന്നാലെ കുരച്ചു കൊണ്ട് തെരുവ് നായ ഓടിയതിനെ തുടർന്ന് ഇവർക്ക് വീണ് പരിക്കേറ്റത്.
എലിമുള്ളുംപ്ലാക്കലിലെ ഐ എച്ച് ആർ ഡി ക്ക് വിട്ടു നൽകിയ പഴയ സ്കൂൾ കെട്ടിടത്തിന്റെ പരിസരത്തും വരാന്തയിലുമാണ് തെരുവ് നായകൾ ഇപ്പോൾ തവളമാക്കിയിരിക്കുന്നത്. നിർമ്മാണം നടക്കുന്ന കോന്നി കെ എസ് ആർ റ്റി സി ബസ് സ്റ്റാന്റും പരിസരവും നായകളുടെ പ്രധാന തവളമായി മാറുന്നു. കുറച്ചു നാളുകൾക്ക് മുൻപാണ് കോന്നി പോലീസ് സ്റ്റേഷന് സമീപം തെരുവ് നായയുടെ ആക്രമണത്തിൽ നാട്ടുകാർക്ക് പരിക്കേൽക്കുന്നത്. കോന്നി നഗരത്തിൽ പലയിടത്തും നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അംഗ വൈകല്യം സംഭവിച്ചതും പലരും ഉപേക്ഷിച്ചതുമായ നായകൾ ആണ് പലതും. ഇത്തരത്തിൽ ഉള്ള നായകൾ ചത്ത് റോഡിൽ കിടന്നാൽ ഗ്രാമ പഞ്ചായത്ത് അധികൃതർ പോലും പലപ്പോഴും ഇത് മറവ് ചെയ്യാൻ തയ്യാറാകുന്നില്ല എന്നും പൊതു ജനങ്ങൾക്ക് പരാതിയുണ്ട്. കോന്നി പയ്യനാമൺ, ഞള്ളൂർ, അരുവാപുലം, തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ എന്നിവടങ്ങളിൽ എല്ലാം നായ ശല്യം വർധിക്കുകയാണ്. തണ്ണിത്തോട് റോഡിലെ വന ഭാഗത്ത് നായകളെയും പൂച്ചകളെയും ഉപേക്ഷിക്കുന്നവർക്ക് എതിരെയും ആരും നടപടി സ്വീകരിക്കുന്നില്ല എന്നതാണ് വാസ്തവം. വനമേഖയിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ ഭക്ഷിച്ചാണ് ഇത് വളരുക.