പെരിന്തൽമണ്ണ: കളിച്ചുകൊണ്ടിരുന്ന ആറു കുട്ടികൾക്കടക്കം 12 പേർക്ക് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റു. ആലിപ്പറമ്പ് പഞ്ചായത്തിൽ വാളാംകുളം, ആര്യംപറമ്പ്, ഒടമല പള്ളി പരിസരം, പടിഞ്ഞാറേ കുളമ്പ് പ്രദേശങ്ങളിലാണ് തെരുവുനായ് ആക്രമണമുണ്ടായത്. മുറ്റത്തും വീട്ടുപരിസരത്തും കളിക്കുകയായിരുന്ന കുട്ടികൾക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ ആദ്യം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടമലയിലെ കളത്തിൽ വീട്ടിൽ സാദിഖിന്റെ അഞ്ചു വയസ്സുകാരി മകൾ ഫാത്തിമ നസ്മിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഒമ്പതുപേരെ ചികിത്സക്കും പ്രതിരോധ കുത്തിവെപ്പിനും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. സുചിത്ര (17), ചന്ദ്രൻ (62), ജെൻസൺ (13), മുനീർ (34), ലുലു മെഹ്ജ ബിൻ (അഞ്ച്), മോഹൻദാസ് (58), അബുഹാരിസ് (മൂന്ന്), മുഹമ്മദ് ജലാൽ (15) എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ടുപേരെ ആലിപ്പറമ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ നൽകി വിട്ടയച്ചു. രാവിലെ പത്തോടെയാണ് സംഭവങ്ങളുടെ തുടക്കം.