തിരുവനന്തപുരം: തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) ചട്ടങ്ങളില്‍ ഇളവ് വേണമെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ അറിയിച്ചു. കേന്ദ്ര ചട്ടങ്ങളെതുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങള്‍ പണം നീക്കിവെച്ചിട്ടും എ.ബി.സി കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. പല വ്യവസ്ഥകളും കര്‍ശനവും വിചിത്രവുമാണ്. കേന്ദ്രങ്ങള്‍ ആരംഭിക്കാതിരിക്കാനുള്ള വ്യവസ്ഥകളാണ് പലതും. എ.ബി.സി കേന്ദ്രം ആരംഭിക്കണമെങ്കില്‍ 2000 സര്‍ജറിയെങ്കിലും നടത്തിയിട്ടുള്ള ഡോക്ടര്‍ വേണമെന്നതാണ് അതിലൊന്ന്. കുടുംബശ്രീ വഴിയാണ് മുന്‍കാലങ്ങളില്‍ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്തിയത്. എന്നാല്‍, 2023ല്‍ കേന്ദ്രം ചട്ടം പുതുക്കിയതോടെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കുടുംബശ്രീക്കുള്ള അംഗീകാരം പിന്‍വലിച്ചു.
ഇത് കേരളത്തിലെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങളെ തകിടംമറിച്ചു. ആഗസ്റ്റ് 16ന് സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും. 2022-23ല്‍ 36.40 കോടി തദ്ദേശസ്ഥാപനങ്ങള്‍ എ.ബി.സി കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നീക്കിവെച്ചെങ്കിലും 10.90 കോടി മാത്രമേ ചെലവഴിക്കാന്‍ സാധിച്ചിട്ടുള്ളൂ. 2023-24ല്‍ 50.14 കോടി മാറ്റിവെച്ചെങ്കിലും ചട്ടങ്ങളെതുടര്‍ന്ന് കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചില്ല. എ.ബി.സി കേന്ദ്രങ്ങള്‍ ആരംഭിക്കാനും ഷെല്‍ട്ടറുകള്‍ തുറക്കാനും ജനം അനുവദിക്കാത്ത പ്രശ്‌നമുണ്ട്. ജനങ്ങളെ ബോധ്യപ്പെടുത്താനും തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനും എം.എല്‍.എമാര്‍ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.