ഇടുക്കി: റോഡില്‍ മറ്റ് യാത്രികര്‍ക്ക് ഭീഷണിയായി ചീറിപ്പായുന്ന ടോറസ്, ടിപ്പര്‍ ലോറികളുടെ അമിതവേഗം നിയന്ത്രിക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. തിരുവനന്തപുരത്തടക്കം ഉണ്ടായ അപകടങ്ങളുടെ സാഹചര്യത്തില്‍ സുരക്ഷിതമല്ലാത്തവിധം കരിങ്കല്ലും മെറ്റലും മണ്ണും കൊണ്ടുപോകുന്ന ടിപ്പര്‍, ടോറസ് ലോറികള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് പരിശോധനകളും നടപടികളുമായി രംഗത്തിറങ്ങിയത്. തിരക്കേറിയ റോഡാണെങ്കില്‍ പോലും യാതൊരു കരുതലും കൂടാതെയാണ് പല ഡ്രൈവര്‍മാരും പായുന്നത്. ടിപ്പര്‍, ടോറസ് ലോറികളില്‍ ലോഡ് കയറ്റിപ്പോകുന്നതിന് നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇവയുടെ സഞ്ചാരം. ശരിയായ രീതിയില്‍ മൂടാതെയും വലിയ പാറക്കഷണങ്ങള്‍ ഏതുനിമിഷവും പുറത്തേക്കു തെറിച്ചുവീഴത്തക്ക നിലയിലുമാണ് പല ടിപ്പറുകളും പായുന്നത്.
മണലും മെറ്റലുമായി പോകുന്ന ലോറികളുടെ മുകള്‍ ഭാഗം പിന്നാലെ വരുന്ന വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ പൂര്‍ണമായി മൂടണമെന്നാണു നിയമം. എന്നാല്‍ ഇതു കൃത്യമായി പാലിക്കാറില്ല. പലപ്പോഴും പിന്നാലെ വരുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്തേക്ക് മെറ്റലും പൊടിയുമൊക്കെ വീഴുന്ന സ്ഥിതിയാണ്. അമിത വേഗത്തില്‍ വളവുകള്‍ തിരിയുമ്പോള്‍ ലോറിയില്‍ നിന്ന് മെറ്റലും പാറക്കല്ലുകളും റോഡിലേക്കു വീഴുന്നതും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയായി നിരോധിത സമയത്തും ടിപ്പറുകള്‍ ചീറിപ്പായുകയാണ്. രാവിലെ 8.30 മുതല്‍ പത്തു വരെയും വൈകിട്ട് നാലു മുതല്‍ അഞ്ചു വരെയും ടിപ്പര്‍, ടോറസ് ലോറികള്‍ തിരക്കേറിയ റോഡുകളില്‍ ഓടുന്നതിന് ജില്ലയില്‍ നിരോധനമുണ്ട്.