തിരുവനന്തപുരം : സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ സമരം തുടരും. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങളിൽ വ്യക്തത കിട്ടിയില്ലെന്നാണ് സമരക്കാർ പറയുന്നത്. നിലവിലെ സമരം തുടരാനാണ് മെഡിക്കൽ പിജി വിദ്യാർത്ഥികളുടെ തീരുമാനം. ആവശ്യങ്ങളിൽ രേഖാമൂലം വ്യക്തത വരുത്തണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡോക്ടർമാർ.
പിജി ഡോക്ടർമാരുടെ ജോലിഭാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. റസിഡൻസി മാനുവൽ അനുസരിച്ചാണോ ജോലി ക്രമീകരണം എന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. പിജിക്കാരുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചതാണെന്നാണ് മന്ത്രി പറയുന്നത്. ഉന്നതതല ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
സ്റ്റൈപ്പൻഡ് വർധനയ്ക്ക് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ധനകാര്യവകുപ്പിന് ഫയൽ അയച്ചിട്ടുണ്ട്. ധനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുമ്പോൾ വർദ്ധിപ്പിക്കാം എന്നാണ് മന്ത്രി അറിയിച്ചത്. ഇക്കാര്യം സമരക്കാരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജോലി ഭാരം കുറയ്ക്കണം എന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇതിനായി സമിതിയെ നിയോഗിക്കുമെന്നാണ് ആരോഗ്യമന്ത്രിയുടെ ഉറപ്പ്. 307 നോൺ അക്കാദമിക്ക് റസിഡൻസി ഡോകടർമാരെ ഇതിനകം നിയമിച്ചിട്ടുണ്ടെന്നും കൂടുതൽ സീനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കാനുള്ള പരിമിതി സമരക്കാരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് കാലത്ത് മികച്ച സേവനമാണ് പിജി ഡോക്ടർ നൽകിയത്. അവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ആശുപത്രികളിൽ എത്തുന്ന സാധാരണകാർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത്. ചെയ്യാനാകുന്ന കാര്യങ്ങൾ ഒക്കെ സർക്കാർ ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനുള്ള നടപടികൾ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
ഹൗസ് സർജന്മാർ തിരികെ ഡ്യൂട്ടിയിൽ കയറുകയും താൽക്കാലികമായി നിയമിച്ച ജൂനിയർ റെസിഡന്‍റ് ഡോക്ടർമാർ എത്തുകയും ചെയ്തതോടെ മെഡിക്കൽ കോളേജുകളിൽ സേവനം സ്തംഭിക്കുന്ന തരത്തിലുള്ള പ്രതിന്ധിയില്ല. ഒപി സമയം നീട്ടിയും അടിയന്തരമല്ലാത്ത ചികിത്സകൾ മാറ്റിവെച്ചും തൽക്കാലം മുന്നോട്ടു പോവുകയാണ്. സമരം നടക്കുന്നതറിഞ്ഞ് സംസ്ഥാനത്താകെ മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. സ്റ്റൈപ്പൻഡ് വർദ്ധന, കൂടുതൽ നോൺ റസിഡന്‍റ് ഡോക്ടർമാരുടെ നിയമനം, ശമ്പളപരിഷ്കരണം നടപ്പാക്കൽ എന്നീ പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങളിൽ നിന്ന് പുറകോട്ട് പോകാൻ പിജി ഡോക്ടർമാർ തയ്യാറല്ല.