തിരുവനന്തപുരം: നാളത്തെ ട്രേഡ് യൂണിയൻ പണിമുടക്ക് കേരളത്തിൽ മാത്രമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ സമരമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാം. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, അടിസ്ഥാന സൗകര്യമേഖലകളിൽ കടം വാങ്ങിയിട്ട് ജീവിക്കേണ്ട സ്ഥിതിയിലാണ് നമ്മുടെ നാടുള്ളത്. മറ്റ് സംസ്ഥാനങ്ങൾ സാമ്പത്തിക മുന്നേറ്റങ്ങൾ നടത്തുമ്പോൾ കേരളം ഇപ്പോഴും പണിമുടക്ക് പോലുള്ള സമരങ്ങൾ നടത്തുകയാണ്. ഇത്തരം സമരങ്ങൾ സാമ്പത്തിക മേഖലയെ പിന്നോട്ട് അടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ അഭിമാനം കൊള്ളുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. എന്നാൽ ചൈന തൊഴിൽ സൃഷ്ടിക്കുന്നതിനെക്കുറിച്ച്, സാമ്പത്തിക മുന്നേറ്റം നടത്തുന്നതിനെക്കുറിച്ച് എന്തുകൊണ്ട് പഠിക്കുന്നില്ല.
സമരങ്ങൾക്കോ ട്രേഡ് യൂണിയനുകൾക്കോ എതിരല്ല.നിലവിൽ ഇന്ത്യയിലെ തൊഴിലില്ലായ്മയും വിലക്കേറ്റവും ഏറ്റവും അധികം ഉള്ള സംസ്ഥാനമാണ് കേരളം.ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിരാണെന്നും രാജിവ് ചന്ദ്രശേഖർ പറഞ്ഞു. പണിമുടക്കിന് ആഹ്വാനം ചെയ്ത തൊഴിലാളി സംഘടനകൾ എന്ത് കാര്യത്തിനാണ് പണിമുടക്ക് എന്ന് വ്യക്തമാക്കാൻ തയ്യാറാകണമെന്ന് എം ടി രമേശ് പറഞ്ഞു.ഇത് സർക്കാർ സ്പോൺസേർഡ് സമരമാണ്. സമരം ചെയ്യുന്നവർക്കെതിരെ ഡയസ്നോൺ ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണം. കെഎസ്ആർടിസി ബസ്സുകളും സ്വകാര്യവാഹങ്ങളും തടഞ്ഞാൽ ആ വാഹനങ്ങളിലുള്ളവരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിന് വരുന്ന വലിയ സാമ്പത്തിക നഷ്ടം തൊഴിലാളി സംഘടന നേതാക്കളിൽ നിന്ന് ഈടാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.