കൊല്ലം : കൊല്ലം സിപിഐഎം ഏരിയ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. പാർട്ടിയും പോലീസും സർക്കാരും വ്യത്യസ്ത വഴിയ്ക്ക് സഞ്ചരിക്കുന്നതെന്ന് വിമർശനം. കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് രാജ്യത്ത് ശക്തി ക്ഷയിക്കുകയാണെന്നും കുറ്റപ്പെടുത്തൽ. ആർ എസ് എസ് രുപീകരണത്തിൻ്റെ നൂറാം വാർഷികത്തിൽ രാജ്യം ഭരിക്കുന്നുവെന്നും 100 വർഷം പിന്നിട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് രാജ്യത്ത് ശക്തി ക്ഷയിക്കുകയാണെന്നും വിമർശനം ഉയർന്നു. അതിനിടെ കൊല്ലം പത്തനാപുരത്ത് സിപിഐഎം ടൗൺ ലോക്കൽ സമ്മേളനത്തിലെ തര്‍ക്കത്തില്‍ പരാതിയുമായി ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുവന്നു.
ഏരിയാ കമ്മിറ്റി അംഗങ്ങളുടെ വ്യക്തിതാല്‍പര്യമാണ് ലോക്കല്‍ സമ്മേളനത്തില്‍ നടന്നതെന്നാണ് ആക്ഷേപം. പത്തനാപുരത്ത് സിഐടിയുവിലെ പതിനാല് ചുമട്ടു തൊഴിലാളികൾ കൂട്ടത്തോടെ ബിഎംഎസിൽ അംഗത്വം എടുത്തതിനെച്ചൊല്ലിയാണ് പത്തനാപുരം സിപിഎം ടൗൺ ലോക്കൽ സമ്മേളനത്തില്‍ തര്‍ക്കമുണ്ടായത്. ഗൗരവമായി വിഷയം ചർച്ച ചെയ്യണമെന്ന് സമ്മേളനത്തിൽ ആവശ്യം ഉയര്‍ന്നെങ്കിലും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ഏരിയ കമ്മിറ്റിയംഗവുമായ നേതാവ് ഇതിനെ എതിര്‍ത്തു. ഇതിനെച്ചൊല്ലി അംഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ ഇതേ ഏരിയ കമ്മിറ്റിയംഗം ഒരു ലോക്കൽ കമ്മിറ്റിയംഗത്തെ തൊഴിൽ പറഞ്ഞ് പരസ്യമായി ആക്ഷേപിച്ചെന്നാണ് പാര്‍ട്ടിപ്രവര്‍ത്തകരുടെ പരാതി.