തിരുവനന്തപുരം: നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിൽ കെ.എസ്.യു ജില്ലാ പ്രസിഡൻറ് എ.ഡി തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും ക്രൂരമായി മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന്മാരെ കുറ്റവിമുക്തമാക്കിയ ക്രൈം ബ്രാഞ്ചിൻറെ റിപ്പോർട്ട് അപഹാസ്യമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിഷയത്തെ ശക്തമായി നിയമപരമായും രാഷ്ട്രീയമായും നേരിട്ടുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുക മാത്രമാണ് ഗൺമാന്മാർ ചെയ്തതെന്നും കേസ് മുന്നോട്ട് പോകാൻ തക്ക വിധത്തിലുള്ള ദൃശ്യങ്ങൾക് ലഭിച്ചിട്ടില്ല എന്നുമുള്ള ക്രൈംബാഞ്ചിൻറെ കണ്ടെത്തൽ വിചിത്രമാണ്.
കേസിലെ അഞ്ചാം സാക്ഷികളായ മാധ്യമ പ്രവർത്തകരോട് ദൃശ്യങ്ങൾ ചോദിച്ചില്ല. ദൃശ്യങ്ങൾ കൈമാറാൻ അക്രമത്തിനിരായ കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാക്കൾ എത്തിയപ്പോൾ അത് സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി തയാറാവാതിരുന്നത് എന്തിൻറെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ഈ വിഷയത്തിൽ കണ്ണ് കാണാത്ത ക്രൈംബ്രാഞ്ചിൻറെ കണ്ണ് തുറപ്പിക്കാൻ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു.