റാന്നി: റാന്നിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര പറന്നു പോയി. കനത്ത മഴയുടെ പിന്നാലെ എത്തിയ അതിശക്തമായ കാറ്റിലാണ് റാന്നിയുടെ വിവിധ മേഖലകളില്‍ വന്‍ നാശനഷ്ടമുണ്ടായത്. കാറ്റിനൊപ്പം നിലച്ച വൈദ്യുതി വിതരണം പലയിടത്തും ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഇന്ന് ഉച്ചയോടെ പെയ്ത മഴയ്ക്കൊപ്പമുണ്ടായ കാറ്റിലാണ് നാശം സംഭവിച്ചത്. വന്‍മരങ്ങള്‍ നിലംപതിച്ചതിനൊപ്പം വീടുകളും വൈദ്യുതി തൂണുകളും തകര്‍ന്നു. വാഴയും മരച്ചീനികളും റബ്ബറും അടക്കം കാര്‍ഷിക വിളകളും നശിച്ചു. ഉതിമൂട് വലിയകലുങ്കിനു സമീപം കൂട്ടുങ്കൽ രാജന്റെ വീടിന്റെ മേൽക്കൂരയാണ് ദൂരേക്ക് പറന്ന് മാറിയത്. വീടിനുള്ളിൽ ആരും ഇല്ലായിരുന്നതിനാല്‍ അപകടത്തിൽ നിന്നും രക്ഷപെട്ടു. കാറ്റിൽ മേൽക്കൂരക്ക് നാശം സംഭവിച്ചു. ഹോളോബ്രിക്സ് ഭിത്തി നിർമ്മിച്ച് അതിനുമുകളില്‍ ടിൻ ഷീറ്റ് മേഞ്ഞതായിരുന്നു വീട്. വീടിന്റെ മേൽക്കൂര നഷ്ടപ്പെട്ടതോടെ വീടിനുള്ളിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ അടക്കം എല്ലാം മഴയിൽ കുതിർന്നു പോയി.സാമ്പത്തികമായി പിന്നോക്കമായ രാജനും കുടുബവും ഇനിയും വരുന്ന ദിവസങ്ങൾ ഏങ്ങനെ കഴിച്ചുകൂട്ടുമെന്നുള്ള ആധിയിലാണ്. തല്കാലം അടുത്തുള്ള ബന്ധുവീട്ടിലാണ് കഴിയുന്നത്.
ഉതിമൂട് കീക്കൊഴൂർ റോഡിൽ പടലുമാങ്കൽ പടിയിൽ റോഡിൽ മരങ്ങൾ വീണതിനാൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. വാഹനങ്ങൾ ഇതുവഴി പോകുവാൻ തടസമായതിനാൽ നാട്ടുകാർ റോഡിന്റെ വശങ്ങളിലെ മരം വെട്ടിമാറ്റിയതിനാൽ ഇരുചക്രവാഹനങ്ങൾ പോയി തുടങ്ങി. കൂടാതെ വടശ്ശേരിക്കര ഒളിക്കല്ല് റോഡില്‍ കാറ്റില്‍ മരങ്ങൾ വീണു റോഡിൽ ഗതാഗത തടസം ഉണ്ടായി. ഉതിമൂട് – കീക്കൊഴൂര്‍ റോഡില്‍ പോസ്റ്റ് ഓഫീസിന് സമീപം കാറ്റില്‍ പ്ലാവ് ഒടിഞ്ഞു വീണ് ഗതാഗതം മുടങ്ങി. ആ സമയം വാഹനങ്ങള്‍ റോഡിലില്ലാത്തതു മൂലം വലിയ അപകടം ഒഴിവായി. ഇവിടെ വൈദ്യുതി തൂണുകളും ഒടിഞ്ഞു. കീക്കൊഴൂരിന് സമീപം തോട്ടത്തില്‍ വീടിന്റെ മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. മേപ്പുറത്ത് സോമനാഥന്‍ ആചാരിയുടെ വീടിനു മുന്നിലേക്ക് തേക്കുമരം ഒടിഞ്ഞു വീണു. വാളിപ്ലാക്കല്‍പടിയില്‍ ഉപ്പുകുളത്തില്‍ മനോജിന്റെ വീടിന്റെ മുകളില്‍ മരം വീണ് വീടിന് നാശം നേരിട്ടു.