ന്യൂഡൽഹി : കൊറോണ വൈറസ് പടര്‍ന്ന ചൈനയില്‍ നിന്നും മടങ്ങാനൊരുങ്ങിയ മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ വിദ്യാർത്ഥി സംഘത്തിന് നാട്ടിലേക്ക് മടങ്ങാൻ വഴി തെളിഞ്ഞു. ബാങ്കോക്ക് വഴി കൊച്ചിയിലേക്ക് മടങ്ങാൻ ടിക്കറ്റ് കിട്ടി. ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് അവർ ചൈനയിൽ നിന്ന് പുറപ്പെടും. തിരിച്ചെത്താന്‍ കഴിയാതെ കുൻമിംഗിൽ കുടുങ്ങിക്കിടക്കുകയായിരുന്നു മലയാളികൾ ഉൾപ്പടെയുള്ള 21അംഗ സംഘം.
ചൈനയിലെ കുമിങ് ഡാലിയൻ സര്‍വകലാശാലയില്‍ എംബിബിഎസിനു പഠിക്കുന്ന 17 വിദ്യാര്‍ഥികളടക്കം 21 പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവരുടെ താമസ സ്ഥലത്തും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചത്. സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ ടിക്കറ്റും ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തി. എന്നാല്‍ ചൈനയില്‍ നിന്നുള്ളവരുടെ യാത്ര അനുവദിക്കില്ലെന്ന് എയര്‍ലൈൻ കമ്പനി നിലപാടെടുത്തു. ഇതോടെ യാത്ര മുടങ്ങി. ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്ന സര്‍വകലാശാലയിലേക്ക് പോകാനും പറ്റാത്ത അവസ്ഥയിലായിരുന്നു വിദ്യാര്‍ത്ഥികള്‍.