നെടുങ്കണ്ടം: വിനോദ സഞ്ചാരത്തിനിടെ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥി ആശുപത്രിയില്‍ മരിച്ചു. മലപ്പുറം കല്‍പകഞ്ചേരി വരമ്പനാല ചെറവന്നൂര്‍ കടായിക്കല്‍ അബ്ദുല്‍ നാസറിന്റെ മകന്‍ മുഹമ്മദ് നിഹാല്‍(18) ആണു മരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. ബുധനാഴ്ച രാത്രി റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ കുളിക്കാനിറങ്ങിയ നിഹാലിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്നു കൂടെയുണ്ടായിരുന്നവര്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ കുട്ടിക്ക് കൂടുതല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും മരണം സംഭവിക്കുകയും ആയിരുന്നു.
നിഹാല്‍ ചികിത്സയിലിരിക്കെ മരിച്ചത് ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണെന്ന് കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഡോക്ടര്‍ മദ്യപിച്ചിട്ടുണ്ടെന്നും ചികിത്സാപിഴവാണു മരണകാരണമെന്നും ആരോപിച്ചു വിദ്യാര്‍ത്ഥികള്‍ ബഹളം വച്ചതിനെത്തുടര്‍ന്നു നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ മദ്യപിച്ചിട്ടില്ലെന്നു കണ്ടെത്തി.
നിഹാലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ ലാബില്‍ പരിശോധന നടത്തും. വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണത്തില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിഹാല്‍ അടക്കം രണ്ട് ബസുകളിലായി 93 വിദ്യാര്‍ത്ഥികളാണു വിനോദസഞ്ചാരത്തിനു രാമക്കല്‍മെട്ടിലെത്തിയത്. വിദ്യാര്‍ത്ഥികളുടെ യാത്രയെക്കുറിച്ചും അവ്യക്തതയുണ്ട്. സ്‌കൂള്‍ അധികൃതരോ വീട്ടുകാരോ അറിയാതെയാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ എത്തിയതെന്നും പറയപ്പെടുന്നു. കല്‍പകഞ്ചേരി ജിവിഎച്ച്‌എസ്‌എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് നിഹാല്‍. മാതാവ്: നിഷിദ. സഹോദരി: നിയ ഫാത്തിമ.