തലശ്ശേരി : ധർമടം പാലയാട് നരിവയലിൽ ബോംബ് സ്ഫോടനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ സ്ഫോടകവസ്തു നിയന്ത്രണ നിയമപ്രകാരം ധർമടം പോലീസ് സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷനും കേസെടുത്തു. തിങ്കളാഴ്ച ഉച്ച രണ്ടിന് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് നരിവയൽ പി.സി ഹൗസിൽ പി.സി. പ്രദീപന്‍റെ മകൻ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായ ശ്രീവർധിന് (12) സ്ഫോടനത്തിൽ പരിക്കേറ്റത്.
കളഞ്ഞുകിട്ടിയ പന്തിന്റെ ആകൃതിയിലുള്ള ബോംബ് നിലത്തെറിഞ്ഞപ്പോഴാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ കുട്ടി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കാലിനും കൈക്കും പുറത്തുമാണ് പരിക്ക്.സംഭവത്തിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ ജില്ല പോലീസ് മേധാവിക്ക് നിർദേശം നൽകി. വാർത്തകളുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തത്.പാലയാട് ചിറക്കുനിയിൽ 27ന് നടക്കാനിരിക്കുന്ന സി.പി.എം പിണറായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്താനിരിക്കെ വിളിപ്പാടകലെ ഐസ്ക്രീം ബോംബുകൾ കണ്ടത് പോലീസ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
കണ്ണൂരിൽ നിന്നെത്തിയ ബോംബ് ഡോഗ് സ്ക്വാഡ് സേനകൾ ചൊവ്വാഴ്ച രാവിലെ മുതൽ സമീപത്തെ ആളൊഴിഞ്ഞ പ്രദേശങ്ങളിലെല്ലാം വിശദ തിരച്ചിൽ നടത്തി. സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിെട കണ്ണൂർ ഡയറ്റിന്‍റെ ലേഡീസ് ഹോസ്റ്റലിന്റെ പറമ്പിലെ കുറ്റിക്കാട്ടിൽ വീണ പന്ത് എടുക്കാൻ പോയപ്പോഴാണ് ശ്രീവർധിന് മൂന്ന് ഐസ്ക്രീം ബോളുകൾ ലഭിച്ചത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. കൂടെയുള്ള രണ്ട് കൂട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൊട്ടാത്ത രണ്ട് ഐസ്ക്രീം ബോംബുകൾ പോലീസ് കസ്റ്റഡിയിലെടുത്ത് ധർമടം ചാത്തോടം ഭാഗത്തെ കടൽതീരത്തെത്തിച്ച് നിർവീര്യമാക്കുകയായിരുന്നു.