കൊല്ലം : പിറവന്തൂരിൽനിന്നു വിദ്യാർത്ഥിയെ കാണാതായിട്ട് ഏഴ് ദിവസം. നാട്ടിലും വനത്തിലും ദിവസങ്ങളായി തിരയുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. അന്വേഷണം തുടരുമെന്നു വനംവകുപ്പും പോലീസും അറിയിച്ചു. പിറവന്തൂർ സ്വദേശി രാഹുലിനെയാണു കാണാതായത്.
പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ വളപ്പിൽ തന്നെയുള്ള മൂന്ന് ഷെഡുകളിലായാണ് രാഹുലും സഹോദരനും മാതാപിതാക്കളും ഉറങ്ങാറുള്ളത്. മിക്ക ദിവസങ്ങളിലും രാത്രിയിൽ രാഹുലിനൊപ്പം സുഹൃത്തുക്കളും ഉണ്ടാകും. പത്തൊമ്പതാം തീയതി രാത്രി 10 മണി വരെ പതിനേഴുകാരൻ ഓൺലൈനിൽ ഉണ്ടായിരുന്നു. കാട്ടാന ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്ന രാഹുലിന്റെ മൊബൈൽ ഫോണും കാണാനില്ല.
പോലീസും വനപാലകരും ഡോഗ് സ്ക്വാഡും നാട്ടുകാരും ചേർന്ന് വനത്തിനുള്ളിൽ തിരച്ചിൽ നടത്തി. വനത്തിനുള്ളിലെ ചെടികളിൽ കണ്ടെത്തിയ രക്തക്കറ ശാസ്ത്രീയ പരിശോധനയ്ക്കയച്ചു.