തിരുവല്ല : പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ വിദ്യാര്‍ത്ഥിനിയായ ദിവ്യ പി.ജോണിന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധരായ രണ്ടു ഫോറന്‍സിക് സര്‍ജന്മാരുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല. കാലില്‍ മാത്രമാണ് ചെറിയ മുറിവ് ഉണ്ടായിട്ടുളളത്. ഇത് കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായതാകാം എന്നാണ് നിഗമനം.
കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേല്‍ മലയില്‍ പള്ളിക്കാപ്പറമ്പില്‍ ജോണ്‍ ഫിലിപ്പോസിന്റെ മകളായ ദിവ്യ പി.ജോണിനെ മഠത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രധാന കെട്ടിടത്തോടുചേര്‍ന്നുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. അതേസമയം കന്യാസ്ത്രീമഠത്തിലെ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പത്തനംതിട്ട എസ്.പിയോട് വനിതാ കമ്മിഷന്‍ വിശദീകരണം തേടി.