റാന്നി : പാഴ്‌വസ്തുക്കളിൽ കലാവിരുത് തെളിയിച്ച് റാന്നി റൂട്രോണിക്‌സിലെ വിദ്യാർഥികളും അധ്യാപകരും. വൃത്തി കോൺക്ലേവ് 2025ൽ തിരുവനന്തപുരം കനകക്കുന്നിൽ വിവിധ വകുപ്പുകളുടെയും ജില്ലയിൽനിന്ന് തെരഞ്ഞെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും 388 സ്റ്റാളുകൾക്കൊപ്പം സ്റ്റാൾ നടത്താൻ റാന്നി പഞ്ചായത്തിന് അവസരം ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ പഠനകേന്ദ്രമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിനെ ഇത് ഏൽപ്പിക്കുന്ന കാര്യത്തിൽ റാന്നി പഞ്ചായത്തിന് ആലോചിക്കേണ്ടി വന്നില്ല. ഇവിടുത്തെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് സ്റ്റാളിന്റെ കവാടം നിർമിച്ചത്. പാഴ് വസ്തുക്കളായ പേപ്പർ പ്ലേറ്റ്, കാർഡ്ബോർഡ്, തുണി, ഇലകൾ, കുപ്പികൾ, ബട്ടൺസ്, മുത്തുകൾ, ബോട്ടിൽ ക്യാപ്പുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് മനോഹരമായ കവാടം നിർമിച്ചത്. തെയ്യത്തിന്റെയും പടയണിയുടെയും മിശ്രിത രൂപമാണ് കവാടത്തിൽ നിർമിച്ചത്. 388 സ്റ്റാളുകളിൽ ഏറ്റവുമധികം പ്രശംസ പിടിച്ചുപറ്റാൻ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ചെയ്‌ത ഈ സ്റ്റാളിനായി.
വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് മേധാവികൾ, പൊതുജനങ്ങൾ തുടങ്ങിയവർ സ്റ്റാൾ സന്ദർശിച്ചു. സ്റ്റാളിന്റെ ഇരുവശങ്ങളിലും ജില്ലയുടെ തനിമ വിളിച്ചോതുന്ന സാംസ്‌കാരിക പൈതൃക സ്വത്തായ ആറന്മുള കണ്ണാടിയുടെ വലിയ രണ്ട് രൂപങ്ങൾ പാഴ്വസ്തുക്കളിൽനിന്ന് നിർമിച്ച് സ്ഥാപിച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റി. കവാടത്തിനൊപ്പം റാന്നി പഞ്ചായത്തിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയും ഹരിത കർമ്മസേനയുടെ നാൾവഴികളടങ്ങിയ ഡോക്യുമെന്ററിയും ഇവർ നിർമിച്ച് നൽകിയിരുന്നു. അധ്യാപകരായ കെ എസ് സുധികുമാർ, കെ ആർ അഖിൽ, എ എസ്അഭിജിത്ത്, എൻ കെ നിഖിൽ, കെ അമൽ തുടങ്ങിയവരുടെയും വിദ്യാർഥികളായ എസ് വിഷ്ണു, വിഷ്ണു മോൻ, ധനുൻ, ആൽബിൻ മോൻസി, ധനുഷ്, ആദിൽ, ശ്രാവൺ, ശ്രീജിത്ത്, അലൻ, അനന്തു, ശ്യാം, മിഥുൻ, ദീപേഷ്, ജയദേവൻ, അശ്വിൻ, പ്രണവ്, അർച്ചന സുരേഷ്, സി എ അർച്ചന, ശരണ്യ, അൻസു എന്നിവരുടെയും നേതൃത്വത്തിലാണ് കവാടം നിർമിച്ചത്.