പത്തനംതിട്ട : സിലബസ് വെട്ടിക്കുറയ്ക്കുന്നതില്‍ വ്യക്തത വരുത്താത്തതിന്‍റെ ആശയക്കുഴപ്പത്തിലാണ് വിദ്യാര്‍ഥികള്‍. സംസ്ഥാനത്ത് ഒരേ രീതിയിലല്ലാതെ ഹയര്‍സെക്കന്‍ഡറി അധ്യയനം നടക്കുന്നത് ഇതാദ്യമാണ്. തിയറിക്ക് പുറമേ പ്രാക്ടിക്കലിലും രണ്ടുശൈലിയിലാണ് കാര്യങ്ങള്‍. തീരുമാനം വന്നില്ലെങ്കില്‍ ഹയര്‍സെക്കന്‍ഡറി അധ്യയനം താളം തെറ്റും.
എന്‍.സി.ഇ.ആര്‍.ടി. ജൂണില്‍ ഹയര്‍സെക്കന്‍ഡറിയുടെ 30 ശതമാനം സിലബസ് കുറച്ചിരുന്നു. കോവിഡ് കഴിഞ്ഞശേഷം വന്ന കുട്ടികളുടെ പഠനം കുറച്ചുകൂടി എളുപ്പമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ചെയ്തതെങ്കിലും ചരിത്രം, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളിലെ ഒഴിവാക്കല്‍ രാഷ്ട്രീയവിവാദമുണ്ടാക്കിയിരുന്നു. സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറിയില്‍ പിന്തുടരുന്നത് എന്‍.സി.ഇ.ആര്‍.ടി. സിലബസാണ്.
അതിനാല്‍ കേന്ദ്രം കുറച്ചതിന് അനുസൃതമായി ഇവിടേയും കുറയ്‌ക്കേണ്ടിവരും. അങ്ങനെ ചെയ്യാന്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനത്തെ (എസ്.സി.ഇ.ആര്‍.ടി.) ചുമതലപ്പെടുത്തി. ഓരോ വിഷയത്തിലും കുറയ്ക്കേണ്ട ഭാഗങ്ങള്‍ എസ്.സി.ഇ.ആര്‍.ടി. യിലെ വിദഗ്ധര്‍ തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയിട്ട് മൂന്നുമാസമായി. എന്നാല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
ഏതൊക്കെ പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നെന്ന് ഭരണാനുകൂല അധ്യാപക സംഘടനയില്‍പ്പെട്ട ചില അധ്യാപകര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. ഒഴിവാക്കിയുള്ള പഠിപ്പിക്കല്‍ നടത്തുന്നത് അക്കൂട്ടരാണ്. എന്തുധൈര്യത്തില്‍ ഇങ്ങനെ പഠിപ്പിക്കാതെ വിടുന്നു എന്നതിന് ആരും ഉത്തരം നല്‍കുന്നുമില്ല. ഭൂരിഭാഗം അധ്യാപകരും മുഴുവന്‍ പാഠങ്ങളും പഠിപ്പിച്ചുതന്നെയാണ് മുന്നോട്ടുപോകുന്നത്. അധ്യയനവര്‍ഷം പകുതി പിന്നിട്ടുകഴിഞ്ഞു.
ദേശീയതലത്തില്‍ ചരിത്രം, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഒഴിവാക്കിയ പാഠങ്ങള്‍ കേരളത്തില്‍ ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയപ്രതിസന്ധി ഏങ്ങനെ നേരിടുമെന്നതാണ് സര്‍ക്കാരിനെ കുഴക്കുന്നത്. സെക്കുലറിസം, ഫെഡറിലിസം, തദ്ദേശഭരണ സംവിധാനം, ജനകീയ പ്രസ്ഥാനം തുടങ്ങിയ വിഷയങ്ങളിലെ ചില ഭാഗങ്ങളാണ് കേന്ദ്രം ഒഴിവാക്കിയത്.