തിരുവനന്തപുരം; കീം പരീക്ഷാഫലം നീളുന്നതിൽ കടുത്ത ആശങ്കയിൽ വിദ്യാർത്ഥികൾ. മാർക്ക് ഏകീകരണത്തിൽ അഞ്ച് തരം മാറ്റങ്ങൾ നിർദ്ദേശിച്ച് വിദഗ്ധസമിതി മെയിൽ റിപ്പോർട്ട് നൽകിയിട്ടും സർക്കാർ തീരുമാനമെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നയപരമായ തീരുമാനം വന്നാൽ അടുത്തയാഴ്ചയോടെ ഫലം വരുമെന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിന്‍റെ വിശദീകരണം. വിവിധ ബോര്‍ഡുകളിൽ പഠിച്ച വിദ്യാർത്ഥികളുടെ മാർക്ക് ഏകീകരണത്തിനുള്ള ഫോർമുലയെ കുറിച്ച് ഏറെ നാളായി പരാതിയുണ്ട്. ഹയർസെക്കണ്ടറിയിലെ ഫിസിക്സ്, കെമിസ്ട്രി മാത്ത്സ് വിഷയങ്ങളിലെ മാർക്ക് കീമിൻറെ സ്കോറും ചേർത്താണ് ഏകീകരണം.
ഈ രീതിയിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് സിബിഎസ് ഇ വിദ്യാർത്ഥികളെക്കാൾ 15 മുതൽ 20 വരെ മാർക്ക് കുറയുന്നുവെന്നായിരുന്നു വ്യാപക പരാതി. പരാതിക്കൊടുവിലാണ് ഏകീകരണ ഫോർമുല പരിഷ്ക്കരിക്കാൻ തീരുമാനിച്ചത്. സർക്കാർ വെച്ച വിദഗ്ധസമിതി മെയിൽ റിപ്പോർട്ട് നൽകി. അഞ്ച് തരം മാറ്റങ്ങൾ നിർദ്ദേശിച്ചെങ്കിലും സർക്കാർ ഇതുവരെ എന്ത് വേണമെന്ന് തീരുമാനിച്ചില്ല. ഇതോടെ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫലം പ്രസിദ്ധീകരിക്കാനായില്ല. നീറ്റ് ഫലം വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും കീം ഫലം വന്നില്ല. തുടർ പഠനത്തിനുള്ള തീരുമാനം എടുക്കാൻ പോലുമാകാതെ വിദ്യാർത്ഥികൾ ആശങ്കയിൽ. ബൈറ്റ്സ് ഫോർമുലയിൽ സർക്കാർ തീരുമാനമെടുത്താൽ രണ്ടുദിവസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കാനാകുമെന്നാണ് എൻട്രൻസ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചത്