തിരുവനന്തപുരം: വാർഷിക പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് പരീക്ഷകൾ നടക്കുന്നത്.എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾ മാറ്റിവയ്‌ക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള പരീക്ഷകൾ ആരംഭിക്കാൻ പോകുന്നു. ഇപ്പോൾ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരാതിയോ ബുദ്ധിമുട്ടോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം വിഷപ്പുക വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, രോഗബാധിതർ തുടങ്ങിയവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും പരീക്ഷയ്‌ക്ക് പോകുന്ന കുട്ടികൾ മാസ്‌ക് ധരിക്കാൻ മറക്കരുതെന്നും വീണാ ജോർജ് പറഞ്ഞു.വിഷപ്പുക പടർന്നതോടെ നിരവധി പേരാണ് ചികിത്സ തേടി ആശുപത്രി കയറി ഇറങ്ങുന്നത്. 899 പേരാണ് വിവിധ ലക്ഷണങ്ങളുമായെത്തുന്നത്. ശ്വാസം മുട്ടുക, ചുമ, തലവേദന, തൊണ്ടവേദന. കണ്ണുനീറുക തുടങ്ങിയവയാണ് പ്രധാനമായും ജനങ്ങളെ അലട്ടുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് സർവേയ്‌ക്കൊരുങ്ങുകയാണ്. ചൊവ്വാഴ്ച മുതലാകും ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തുക.