കോന്നി : ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിയില്‍ കുട്ടികളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. കോന്നി പ്രശാന്തി പബ്ലിക് സ്കൂളിലെ കുട്ടികൾ അവതരപ്പിച്ച പഴമയുടെ പെരുമ എന്ന പ്രദർശനമാണ് ശ്രദ്ധേയമായത്. പഴയ കാല കാലഘട്ടത്തിൽ കേരളത്തിൽ ഉപയോഗിച്ചിരുന്നതും എന്നാൽ ഇന്നത്തെ തലമുറക്ക് കേട്ടു കേഴ്വി പോലും ഇല്ലാത്തതുമായ ഇരുനൂറിൽ പരം വസ്തുക്കൾ ആണ് പ്രദർശനത്തിൽ വിദ്യാർത്ഥികൾ അണിനിരത്തിയത്.
പ്രശാന്തി പബ്ലിക് സ്കൂളിലെ എൽ പി വിഭാഗം നാലാം ക്ലാസ് വിദ്യാർഥികൾ ആയ ജർമി ജോസഫ്, മയൂഖാ ബി മനോജ് എന്നിവരായിരുന്നു മത്സരാർഥികൾ. വർഷങ്ങൾ പഴക്കമുള്ള പെന്‍ഡുലം ക്ലോക്ക്, റേഡിയോ, തഴപ്പായ, കിണ്ണം, വിവിധ തരം നാഴികൾ, ചങ്ങഴി, ഭരണി, ത്രാസുകൾ, ചെമ്പുകുടം, നൂറ്റാണ്ടുകൾ പഴക്കമുള്ള ആധാരം, ചീന ഭരണി, ഉപ്പു മരവി, ചോറ്റുപത്രം, ഗ്രാമ ഫോൺ, ചന്ദന പലക, നാണയ പലക തുടങ്ങിയവയെല്ലാം പ്രദർശനത്തിൽ ശ്രദ്ധേയമായി.
മുൻ പി റ്റി എ പ്രസിഡന്‍റ് സുരേഷ്, സ്കൂൾ മാനേജർ നരേന്ദ്രൻ തുടങ്ങിയവർ പുരാവസ്തുക്കൾ ശേഖരിക്കാൻ സഹായിച്ചുവെന്ന് അധ്യാപകർ പറഞ്ഞു. സ്കൂളിലെ പതിനഞ്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ ഒരാഴ്ച കൊണ്ടാണ് ഇത്രയും വസ്തുകൾ കണ്ടെത്തിയത്. കോന്നിയിൽ നിന്ന് മാത്രമാണ് ഇത്രയും പുരാവസ്തുക്കൾ ലഭിച്ചത് എന്നത് വലിയ സവിശേഷത തന്നെയാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് കോന്നി ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ ശാസ്ത്ര മേളയിലും പ്രശാന്തി പബ്ലിക് സ്കൂൾ ഇതേ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.