കാലിഫോര്‍ണിയ : നീലത്തിമിംഗിലങ്ങള്‍ പ്രതിദിനം ഒരു കോടി മൈക്രോപ്ലാസ്റ്റിക് ശകലങ്ങള്‍ അകത്താക്കുന്നതായി പഠനങ്ങള്‍. കാലിഫോര്‍ണിയന്‍ സമുദ്രമേഖലയിലുള്ള നീലത്തിമിംഗലങ്ങളിലും ഫിന്‍, ഹംബാക്ക് തിമിംഗലങ്ങളിലും ടാഗ് ഘടിപ്പിച്ച് നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. ആഴമേറിയ സമുദ്ര മേഖലകളിലും മനുഷ്യരുടെ ശരീരത്തിനുള്ളില്‍ പോലും നിലവില്‍ ഇവയുടെ സാന്നിധ്യം തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
തിമിംഗിലങ്ങളുടെ ഇരതേടല്‍ മേഖലയായ, സമുദ്രത്തിന്റെ 50 മുതല്‍ 250 വരെ മീറ്റര്‍വരെ ആഴമുള്ള ഭാഗങ്ങളില്‍ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം വളരെയധികമാണ്. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗിലങ്ങള്‍ തന്നെയാണ് ഏറ്റവുമധികം മൈക്രോപ്ലാസ്റ്റിക്കുകള്‍ ഭക്ഷിക്കുന്നതും. പ്രതിദിനം 43.6 കിലോഗ്രാം എന്ന തോതിലാണിത്. ഹംബാക്ക് തിമിംഗിലങ്ങള്‍ പ്രതിദിനം 40 ലക്ഷം എന്ന തോതിലും ഇത്തരം ഹാനികരമായ പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുന്നുണ്ട്.
തിമിംഗിലങ്ങള്‍ ആഹാരമാക്കുന്ന ക്രില്ലുകളുടെ (കൊഞ്ച് വർഗത്തില്‍പ്പെട്ട ചെറുജീവി) ശരീരത്തിനുള്ളിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. 99 ശതമാനം മൈക്രോപ്ലാസ്റ്റികുകളും തിമിംഗലത്തിന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് ഇവയിലൂടെയാണെന്നാണ് പഠനം പറയുന്നത്. നേച്വര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.