റാന്നി : പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ പ്രഥമ പരിപാടിയായ പഠനോത്സവത്തിൻ്റെ പ്രചാരണ പരിപാടികൾ ആരംഭിച്ചു. റാന്നി പെരുമ്പുഴ ബസ് സ്റ്റാൻ്റിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും വാർഡ് മെമ്പറുമായ അജിമോൻ അധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ.സലാം വിഷയാവതരണം നടത്തി. പുതുശ്ശേരിമല ഗവ. യു.പി സ്കൂൾ സീനിയർ അസിസ്റ്റൻ്റ് രാജശ്രീ വി.ജി, അധ്യാപകരായ മഞ്ജു വി. ജി, ജോബിൻ ജോർജ്, അഞ്ചു കെ.അശോക്, അഞ്ചു എം.എം, സി.ആർ സി കോ-ഓർഡിനേറ്റർ അനുഷ ശശി, വിഞ്ചു വി.ആർ, രാജശ്രീ, സോണിയ മോൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ജിജ്ഞാസ ഉണർത്തുന്ന ചോദ്യങ്ങൾ ചോദിച്ചാണ് ഏഴാം ക്ലാസ്സുകാരായ വിദ്യാർത്ഥികൾ യാത്രക്കാരെ പഠനോത്സവത്തിന് ക്ഷണിച്ചത്. വിവിധതരം പഠനോപകരണങ്ങൾ കുട്ടികൾ പരിചയപ്പെടുത്തി.
റാന്നി ബി.ആർസിതല പഠനോത്സവം പുതുശ്ശേരിമല ഗവ. യു.പി. സ്കൂളിൽ മാർച്ച് 11 ന് മുൻ എം.എൽ എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. റാന്നി പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ പ്രകാശ് അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഗുണപരമായ പുരോഗതി പൊതുസമൂഹത്തെ അറിയിക്കുക,
പൊതു വിദ്യാഭ്യാസ മേഖലയുടെ പ്രസക്തിയും ശക്തിയും ബോധ്യപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടു കൂടി നടത്തുന്ന മികവു പരിപാടികളാണ് പഠനോത്സവങ്ങൾ.