സോഷ്യൽ മീഡിയ എന്നത് നമ്മുടെയൊക്കെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രിയപ്പെട്ടവരുമായി സംസാരിക്കാനും വീഡിയോ കോൾ ചെയ്യാനും ചാറ്റ് ചെയ്യാനും എന്തിനേറെ പറയുന്നു, ഒന്നും ചെയ്യാനില്ലെങ്കിൽ സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്ത് സമയം ചെലവിടാനുമൊക്കെ സമൂഹ മാധ്യമങ്ങളെയാണ് നാം ആശ്രയിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, പ്രത്യേകിച്ച് ലോക്ക്ഡൗൺ സമയത്ത്, സോഷ്യൽമീഡിയയെ കൂട്ടുകാരായി കാണുന്നവർ നമ്മുടെ ഇടയിൽ വർധിച്ചിട്ടുണ്ട്. കുട്ടികൾ, കൗമാരക്കാർ, ചെറുപ്പക്കാർ, മധ്യവയസ്കർ എന്നിവരെല്ലാം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. ആർക്കും ഒരു ഉപദ്രവുമുണ്ടാക്കാതെ ഏതെങ്കിലും ഒരു കോണിൽ ഇരുന്ന് ഫോൺ നോക്കുന്നത് ആസക്തി ആയി മാറുന്നത് എപ്പോഴാണ്? സോഷ്യൽ മീഡിയയുടെ വർധിച്ച് വരുന്ന ഉപയോഗം മാനസികമായി പല പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഇതേക്കുറിച്ച് ഗവേഷകർ നടത്തിയ പഠനറിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഈ പഠനത്തിൽ അമിത സോഷ്യൽ മീഡിയ ഉപയോഗം ഉത്‌ക്കണ്‌ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് കണ്ടെത്തി. ബ്രിട്ടനിലെ Office for National Statistics -ന്റെ റിപ്പോർട്ട് പ്രകാരം യുവാക്കളാണ് ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 18 നും 34 നും ഇടയിൽ പ്രായമുള്ള 288 പേരെയാണ് ഈ പഠനത്തിനായി ഗവേഷകർ തിരഞ്ഞെടുത്തത്. ഇവരിലെ സോഷ്യൽ മീഡിയ ഉപയോഗം ഏകാന്തത, മറ്റ് മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ ഉണ്ടാക്കുന്നുണ്ടോ എന്നത് കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്‌ഷ്യം. മൂന്ന് വിവിധ ഗ്രൂപ്പുകൾ പാസ്സീവ് ഉപയോഗം (മറ്റുള്ളവരുടെ കൊണ്ടെന്റ് കാണാൻ മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ), ആക്റ്റീവ് നോൺ-സോഷ്യൽ ഉപയോഗം (സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് സ്വന്തം കോൺടെന്റ് പോസ്റ്റ് ചെയ്യാൻ മാത്രം, മറ്റുള്ളവരുടേതിന് പ്രാധാന്യം നൽകുന്നില്ല), ആക്റ്റീവ് സോഷ്യൽ ഉപയോഗം (സ്വന്തം കോൺടെന്റ് പോസ്റ്റ് ചെയ്യുന്നതിനൊപ്പം മറ്റുള്ളവരുടേതും വീക്ഷിക്കുന്നു) എന്നിങ്ങനെ 3 ഗ്രൂപ്പുകളിലായി ആളുകളെ തിരിച്ചു.
ഒട്ടും ദോഷകരമല്ലെന്ന് നാം കരുതുന്ന പാസ്സീവ് ഉപയോക്താക്കളിൽ വിഷാദം, ഉത്കണ്ഠ, പിരിമുറുക്കം തുടങ്ങിയവ കൂടുതലാണെന്ന് കണ്ടെത്തി. അതേസമയം ആക്റ്റീവ് നോൺ സോഷ്യൽ ഉപയോക്താക്കളിൽ ഇത്തരം പ്രശ്നങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെന്നും ഗവേഷകർ തിരിച്ചറിഞ്ഞു. സോഷ്യൽ മീഡിയ ക്രിയേറ്റർമാർ, ഇൻഫ്ലുവൻസേഴ്സ് തുടങ്ങിയവരെപ്പോലെ സ്വന്തം കോൺടെന്റ് പോസ്റ്റ് ചെയ്യാൻ മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരിൽ പിരിമുറുക്കം, സ്ട്രെസ് തുടങ്ങിയവയൊക്കെ ഉണ്ടാകുന്നത് കുറവാണ് എന്നും നീരീക്ഷണമുണ്ട്.