നാഗര്‍കോവില്‍: തമിഴ് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റ് പങ്കുവെച്ചെന്നതാണ് കനല്‍ കണ്ണനെതിരെയുള്ള പരാതി. ഡിഎംകെ നേതാവിന്റെ പരാതിയിലാണ് കനല്‍ കണ്ണനെ അറസ്റ്റ് ചെയ്തത്. നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫീസില്‍ അദ്ദേഹം രാവിലെ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ചോദ്യം ചെയ്യലിന്റെ സമയം ഹിന്ദു മുന്നണി, ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. തമിഴ്‌നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് കനല്‍ കണ്ണന്‍.
ക്രിസ്ത്യന്‍ വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് കനല്‍ കണ്ണനെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തിരുന്നു. കന്യാകുമാരിയിലെ ഡി.എം.കെ. നേതാവ് ഓസ്റ്റിന്‍ ബെന്നറ്റാണ് കനല്‍ കണ്ണനെതിരെ പരാതി നല്‍കിയത്. ക്രിസ്ത്യന്‍ മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുന്നതും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന തരത്തിലുമുള്ള വീഡിയോ ആണ് ഇയാള്‍ പങ്കുവെച്ചതെന്നായിരുന്നു ഓസ്റ്റിന്‍ പരാതിയില്‍ ചൂണ്ടികാണിച്ചത്. അതേസമയം മുന്‍പും വിദ്വേഷപ്രചാരണത്തിന്റെ പേരില്‍ കനല്‍ കണ്ണന് ഇത്തരത്തില്‍ നിയമ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.