കൊച്ചി : ഭക്ഷണം കിട്ടുമോ എന്നു പേടിച്ച് നിരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ സ്വന്തം നാട്ടിലേയ്ക്കു മുങ്ങിയ
കൊല്ലം സബ് കലക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സബ് കലക്ടര്‍ അനുപം മിശ്ര സ്ഥലം വിട്ട വിവരം മാധ്യമങ്ങളിലൂടെയാണ് പുറമ ലോകം അറിയുന്നത്. ഹോം ക്വാറന്റീനെന്നാല്‍ സ്വന്തം വീട്ടില്‍ പോവുക എന്നു കരുതിയെന്നാണ് അനുപം മിശ്ര കലക്ടര്‍ക്ക് നല്‍കിയ വിചിത്ര വിശദീകരണം. മധുവിധുവിനായി സിംഗപ്പൂരിലും മലേഷ്യയിലും പോയ ശേഷം പതിനെട്ടാം തീയതിയാണ് അനുപം മിശ്ര കൊല്ലത്ത് മടങ്ങി എത്തിയത്. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ 19ാം തീയതിയാണ് കലക്ടര്‍ നിര്‍ദേശിച്ചത്. വീട്ടില്‍ രാത്രിയില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ പരാതി അറിയിച്ചതനുസരിച്ച് ഇന്നലെ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് സബ് കലക്ടര്‍ മുങ്ങിയതറിയുന്നത്.
ആരോഗ്യവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സബ്കലക്ടര്‍ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. രണ്ട് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൂടുതല്‍ സുരക്ഷിതം എന്ന നിലയ്ക്കാണ് നാട്ടിലേക്ക് പോയതെന്നാണ് അനുപം മിശ്രയുടെ വിശീദകണം. ഔദ്യോഗിക വസതിയില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുനേരിട്ടെന്ന സബ്കലക്ടറുടെ വാദം ജില്ലാ ഭരണകൂടം തള്ളി. സബ്കല്കടറുടെ ഗണ്‍മാനും ഡ്രൈവറും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ അറിവോടെയാണ് അനുപം മിശ്ര മുങ്ങിയതെങ്കില്‍ വകുപ്പ് തല നടപടിയുണ്ടാകും. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ്.