പാലക്കാട് : പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് കുതിയത്തോട് സ്വദേശി സുബൈറിനോട് ആര്‍എസ്‌എസിന് ശത്രുതയെന്ന് മൊഴി. സുബൈറിന്റെ പിതാവ് അബൂബക്കറാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. കൊലയാളി സംഘം ഉപയോഗിച്ചത് കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ള കാറാണ്. എന്നാല്‍ സംഭവത്തില്‍ തെളിവുകിട്ടാതെ രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് പാലക്കാട് എസ്‌പി പറഞ്ഞു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ 5 സിഐമാരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തില്‍ കൊലപാതകം നടന്ന സ്ഥലത്തെത്തി തെളിവെടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നഗരത്തിന്റെ വിവിധയിടങ്ങളില്‍ എസ്ഡിപിഐ നേതൃത്വം പ്രകടനം നടത്തി.
രണ്ട് കാറുകളിലാണ് അക്രമികള്‍ എത്തിയത്. ഇതില്‍ കെ.എല്‍ 11 എ.ആര്‍ 641 എന്ന നമ്പറിലുള്ള കാര്‍ സുബൈറിനെ ഇടിച്ചിട്ട ശേഷം സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന് ശേഷം മറ്റൊരു കാറിലാണ് അക്രമികള്‍ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ഓട്ടോയില്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് എസ്.ഡി.പി.ഐയുടെ ആരോപണം.
അക്രമി സംഘത്തില്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരായിരുന്നു ഉള്ളത്. സുബൈറിന്റെ ബൈക്ക് ഇടിച്ചിട്ട ശേഷം നാലുപേര്‍ കാറില്‍ നിന്ന് ഇറങ്ങി ആക്രമിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് വീണ സുബൈറിന്റെ പിതാവിനും പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അച്ഛന്റെ മുന്നില്‍ വച്ചാണ് സംഘം സുബൈറിനെ കൊലപ്പെടുത്തിയത്.