പത്തനംതിട്ട : പത്തനംതിട്ട വെട്ടിപ്രത്തെ സുബല പാര്‍ക്കില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സുബല പാര്‍ക്കിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സുബല പാര്‍ക്കില്‍ മനോഹരവും ആധുനികവുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്നു. സുബല പാര്‍ക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ഇനി ശേഷിക്കുന്ന പ്രധാന നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പത്ത് ദിവസത്തിനകം ജില്ലാ പ്ലാനിംഗ് ഓഫീസറും ജില്ലാ പട്ടികജാതി വികസന ഓഫീസറും പ്രവര്‍ത്തന രേഖ തയാറാക്കി സമര്‍പ്പിക്കണം. പാര്‍ക്കില്‍ ഫുട്പാത്ത്, ബോട്ട് ഹൗസ് തുടങ്ങിയ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിലവില്‍ മനോഹരമായ അന്തരീക്ഷത്തിലുള്ള ആധുനിക ഓഡിറ്റോറിയം, കിച്ചണ്‍, വാഷ് ഏരിയ, മറ്റ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മന്ത്രി സഭയുടെ കാലത്ത് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക് പാര്‍ക്കിന് പ്രത്യേക പരിഗണന നല്‍കി ഫണ്ട് നല്‍കുകയായിരുന്നു. പട്ടികജാതി വികസന ഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണം നടന്നത്. നിലവില്‍ നടക്കുന്ന രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗെയിറ്റ്, എന്‍ട്രന്‍സ് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കും. ഫര്‍ണീച്ചറുകളുടെ ഗുണ നിലവാരം പട്ടികജാതി വികസന ഓഫീസര്‍ ഉറപ്പാക്കണം. എത്രയും വേഗം ശേഷിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മനോഹരവും ആധുനികവുമായ സുബല പാര്‍ക്ക് നാടിന് സമര്‍പ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിയുന്നത്ര വേഗത്തില്‍ സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.