ആലപ്പുഴ: എസ്‌എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണവുമായി സുഭാഷ് വാസു. ആരോപണം സംബന്ധിച്ച് എന്‍ഐഎയോ സിബിഐയോ അന്വേഷിക്കണം. തുഷാറിന്റെയും സഹോദരിയുടെയും 20 വര്‍ഷത്തെ സ്വദേശ, വിദേശ അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാവലിക്കര മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഒപ്പിടാന്‍ എത്തിയപ്പോഴാണു സുഭാഷ് വാസു ആരോപണം ഉന്നയിച്ചത്.
ആത്മഹത്യ ചെയ്ത കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്‍ മാതൃകാ യൂണിയന്‍ സെക്രട്ടറിയായിരുന്നു. 13 കോടി രൂപ അപഹരിച്ചെന്നാണ് വെള്ളാപ്പള്ളി കുടുംബത്തിന്റെ ആരോപണം. ശ്രീകണ്‌ഠേശ്വരം, കണിച്ചുകുളങ്ങര സ്‌കൂളുകളിലെ നിയമനം, മൈക്രോഫിനാന്‍സ് എന്നിവയുമായി ബന്ധപ്പെട്ടു ലഭിച്ച മുഴുവന്‍ തുകയും തുഷാര്‍ വെള്ളാപ്പള്ളി വാങ്ങിക്കൊണ്ടുപോയെന്ന് മഹേശന്‍ തന്നോട് പറഞ്ഞിരുന്നെന്നും സുഭാഷ് വാസു വെളിപ്പെടുത്തി. യൂണിയനില്‍ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച് വണ്ടന്‍മേട്ടില്‍ 45 ഏക്കര്‍ ഏലത്തോട്ടം 10.8 കോടിക്ക് തുഷാര്‍ മകന്റെ പേരില്‍ വാങ്ങി. ഇതിന് നല്‍കിയ 9 കോടിയും കള്ളപ്പണമാണ്. നോട്ട് നിരോധന കാലത്ത് പാലാരിവട്ടത്തെ ജ്വല്ലറിയില്‍ 5.5 കോടിയുടെ നിരോധിത കറന്‍സി നല്‍കി സ്വര്‍ണം വാങ്ങി. ഈ തുകയെല്ലാം മഹേശനില്‍ നിന്നു വാങ്ങിയതാണ്. ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന ഇറാന്‍ സ്വദേശിനിയെ ബെംഗളൂരുവില്‍ മുന്തിയ കാറും വാടകവീടുമൊരുക്കി താമസിപ്പിച്ചതും അന്വേഷിക്കണം. ഏലത്തോട്ടം വാങ്ങലിലെ ഇടനിലക്കാരന്‍ തന്നെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ സ്ത്രീയെ തിരിച്ചയക്കാന്‍ ശ്രമിച്ചത്.
തുഷാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലേക്കു പോകാന്‍ പണം അങ്ങോട്ടു മാറ്റുകയാണ്. അതിനാല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണം. ചേര്‍ത്തലയിലെ ഹോട്ടലിന്റെ ആസ്തി, എസ്‌എസ്‌എല്‍സി ബുക്ക് വ്യാജമാണോ എന്നീ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കുമെന്നും സുഭാഷ് വാസു പറഞ്ഞു. പിന്നാക്ക വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട 15 കോടിയുടെ തട്ടിപ്പു കേസില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.