ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സുഭാഷ് വാസു വിഭാഗം. ബുധനാഴ്ച കുട്ടനാട്ടിൽ വെച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് സുഭാഷ് വാസു പറഞ്ഞു. എന്നാൽ വിമത നീക്കങ്ങൾ വിലപ്പോകില്ലെന്നാണ് തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം. 2016 ൽ ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ തനിക്ക് ലഭിച്ച മുപ്പത്തിമൂവായിരം വോട്ടുകൾ ഇത്തവണയും ലഭിക്കുമെന്നാണ് സുഭാഷ് വാസുവിന്റെ അവകാശവാദം
മികച്ച സ്ഥാനാർഥി തന്നെ മത്സരരംഗത്ത് ഉണ്ടാകുമെന്നും സുഭാഷ് വാസു അവകാശപ്പെട്ടു. അതേസമയം വിമതനീക്കങ്ങൾ കാര്യമാക്കാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുഷാർ വെള്ളാപ്പള്ളി വിഭാഗം തുടങ്ങി. എസ്എൻഡിപി കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, യൂണിയൻ ചെയർമാൻ പി വി ബിനേഷ് എന്നീ പേരുകളാണ് ബിഡിജെഎസ് പരിഗണിക്കുന്നത്. അടുത്ത ദിവസം തന്നെ സംസ്ഥാന കൗൺസിൽ കൂടി സ്ഥാനാർഥി നിർണയം പൂർത്തിയാക്കും