കോന്നി: കോന്നി – പൂങ്കാവ് – ചന്ദനപ്പള്ളി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കോന്നി ആനക്കൂട് റോഡിൽ ഓടക്ക്മുകളിൽ സ്ഥാപിച്ചത് നിലവാരമില്ലാത്ത സ്ളാബുകൾ. സ്ളാബുകൾ ഇളക്കി മാറ്റിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പുതിയ സ്ളാബുകൾ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാരുടെ പരാതി. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ അധീനതയിൽ വരുന്ന ഈ റോഡിന്റെ നിർമ്മാണം ഒൻപത് കോടി രൂപയിലേറെ മുതൽ മുടക്കിയാണ് പൂർത്തീകരിച്ചത്. ഈ ഫണ്ടിൽ നിന്നുമാണ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള ഓട നിർമ്മിച്ചത്. ഓട നിർമ്മിച്ചതിന് ശേഷം സ്ളാബ് സ്ഥാപിച്ചെങ്കിലും ഇവയെല്ലാം തുടർച്ചയായി ഒടിഞ്ഞു പോയിരുന്നു. നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ സ്ളാബ് സ്ഥാപിച്ചതിൽ സംഭവിച്ച അപാകതയാണ് സ്ളാബ് ഒടിഞ്ഞു പോകുവാൻ കാരണമെന്ന് പി ഡബ്ള്യു ഡി അധികൃതർ പറയുന്നു.
സ്ളാബ് വാർത്തതിന് ശേഷം സിമന്റ് കട്ടിയാകുന്നതിന് മുൻപ് കൊണ്ട് സ്ഥാപിച്ചതിനാൽ ആണ് സ്ളാബുകൾ ഒടിഞ്ഞതെന്നും ഇത് മാറ്റി സ്ഥാപിക്കാൻ കരാറുകാരന് നോട്ടീസ് നൽകിയതായും പി ഡബ്ള്യു ഡി അധികൃതർ അറിയിച്ചു. എന്നാൽ സ്ളാബ് ഇളക്കി മാറ്റിയ ശേഷം നിരവധി വാഹനങ്ങൾ ആണ് ഇവിടെ അപകടത്തിൽ പെട്ടത്. പിക് അപ് വാൻ അടക്കം ഇവിടെ അപകടത്തിൽ പെട്ടിരുന്നു. മുൻപ് സ്ഥാപിച്ച സ്ളാബുകൾക്ക് പലതിലും കമ്പികൾ ഇടാതെ ആണ് നിർമ്മിച്ചത് എന്നും പരാതിയുണ്ട്. കോന്നി സെൻട്രൽ ജംഗ്ഷൻ,കോട്ടപ്പാറ മുരുപ്പ് ഭാഗങ്ങളിൽ നിന്നും മഴക്കാലത്ത് ഒഴുകി ഇറങ്ങുന്ന വെള്ളം മുഴുവൻ ഈ റോഡിലേക്കാണ് ഒഴുകി ഇറങ്ങുന്നത്. ഇത് വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.