ജിദ്ദ: ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ് കേന്ദ്ര സംഘം. ഇന്ത്യയുടെ ഒഴിപ്പിക്കൽ ശ്രമങ്ങൾ തുടരുന്നതിനിടെ ഇന്ത്യൻ എയർഫോഴ്‌സ് (IAF) ഗരുഡ് സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥൻ ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ലോക ശ്രദ്ധ പിടിച്ച് പറ്റുന്നത്. മൂന്ന് വയസ് തോന്നിക്കുന്ന പെൺകുട്ടിയെ യുദ്ധ ഭൂമിയിൽ നിന്നും രക്ഷിച്ച് C-130J സ്പെഷ്യൽ ഓപ്‌സ് വിമാനത്തിലേക്ക് കൊണ്ടുപോകുകയാണ് ഇദ്ദേഹം.
സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ജിദ്ദയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. 135 ഇന്ത്യക്കാർ അടങ്ങുന്ന നാവികസേനയുടെ ഐ.എന്‍.എസ് മൂന്നാമത്തെ ബാച്ച് ബുധനാഴ്ച പുലർച്ചെ സുഡാനിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെടുകയും, സൗദി സമയം രാത്രി പതിനൊന്ന് മണിയോടെ ജിദ്ദയിൽ എത്തുകയും ചെയ്തിരുന്നു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനൊപ്പം സൗദി വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യക്കാരെ സ്വീകരിക്കാനെത്തിയിരുന്നു.
സുഡാനില്‍ നിന്ന് രക്ഷപെട്ടെത്തിയവര്‍ കയ്യടികളോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി രേഖപ്പെടുത്തിയത്. അതേസമയം, യുദ്ധം മൂലം രാജ്യത്ത് ഭക്ഷണം, ശുദ്ധജലം, മരുന്നുകൾ, ഇന്ധനം, ആശയവിനിമയം, വൈദ്യുതി എന്നിവയ്ക്ക് ക്ഷാമം നേരിടുന്നതായി യു.എൻ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. ഇത് ആവശ്യസാധനങ്ങൾക്ക് വില കൂടാൻ കാരണമായി. സൈനിക ആസ്ഥാനത്തിന് സമീപമുള്ള പ്രദേശങ്ങളിൽ നിരവധി വീടുകളും ആശുപത്രികളും മറ്റ് പൊതു കെട്ടിടങ്ങളും പൂർണമായോ ഭാഗികമായോ തകർന്ന നിലയിലാണുള്ളത്. സംഘർഷത്തിനിടെ കാർട്ടൂമിലെ വിമാനത്താവളവും തകർന്നു.