മനുഷ്യ ശരീരത്തിലെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്ന ഒരു പ്രധാനപ്പെട്ട ധാതുവാണ് മഗ്നീഷ്യം. നിരവധി ബയോകെമിക്കല്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ആവശ്യമാണ്. മഗ്നീഷ്യമാണ് പേശികളുടെ സങ്കോചങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ചലനങ്ങള്‍ക്കും വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ആവശ്യമാണ്. നാഡീവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിലും മഗ്നീഷ്യം ഒരു പങ്കു വഹിക്കുന്നു. ആരോഗ്യകരമായ എല്ലുകളെ നിലനിര്‍ത്താന്‍ മഗ്നീഷ്യം സഹായിക്കും. അസ്ഥികളുടെ സാന്ദ്രതയും ശക്തിയും നിലനിര്‍ത്താന്‍ കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ നിര്‍ബന്ധമായും കഴിക്കേണ്ട മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
ചീര പോലുള്ള ഇലക്കറികള്‍ മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്. ഇത്കൂടാതെ ചീരയില്‍ മറ്റ് അവശ്യ പോഷകങ്ങളും നിറഞ്ഞിരിക്കുന്നു. ചീര കഴിക്കുന്നത് നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സലാഡുകളിലും വിഭവങ്ങളിലും സ്മൂത്തികളിലും പോലും ഈ ഇലക്കറികള്‍ കഴിക്കാം. അവശ്യ പോഷകങ്ങളാലും മഗ്നീഷ്യം പോലുള്ള ധാതുക്കളാലും കൊണ്ട് നിറഞ്ഞതാണ് അണ്ടിപരിപ്പ് അഥവാ കശുവണ്ടി. ഇവ ചേര്‍ത്ത് ലഘുഭക്ഷണങ്ങളുണ്ടാക്കി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഗോതമ്പ്, ബ്രൗണ്‍ റൈസ്, ക്വിനോവ, ഓട്‌സ് തുടങ്ങിയ ധാന്യാഹാരങ്ങള്‍ മഗ്നീഷ്യത്തിന്റെ ഉറവിടങ്ങളാണ്. നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ഹൃദയാരോഗ്യത്തിന് ഗുണപരമാണ്. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും കഴിക്കാവുന്നയാണ് ഇത്തരം ഭക്ഷണങ്ങള്‍.
വെളുത്ത അരിക്ക് പകരം ബ്രൗണ്‍ റൈസ് കഴിക്കുന്നതാണ് ഉത്തമം. പയറുകളില്‍ നാരുകളും പ്രോട്ടീനും കൂടാതെ മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇവയ്ക്ക് കഴിയും. മഗ്നീഷ്യം ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന പഴവര്‍ഗമാണ് അവക്കാഡോ. ഇവയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മഗ്നീഷ്യത്താല്‍ സമ്പന്നമായ മറ്റൊരു പഴവര്‍ഗമാണ് വാഴപ്പഴം. ഫൈബറുകള്‍ക്കൊപ്പം നല്ല അളവില്‍ മഗ്നീഷ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്. എല്ലാവര്‍ക്കും പെട്ടെന്ന് ലഭിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നുമാണ് ഇത്. അനാരോഗ്യകരമായ ജീവിതശൈലിയോ തെറ്റായ ഭക്ഷണക്രമമോ കാരണം ധാരാളം ആളുകള്‍ മഗ്നീഷ്യത്തിന്റെ കുറവ് അനുഭവിക്കുന്നു. സമീകൃതാഹാരത്തിനായി മുകളില്‍ പറഞ്ഞ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.