ആറന്മുള : പുരാവസ്തു സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ ചരിത്രം വികലമാകാതെ പുതുതലമുറയ്ക്ക് വെളിച്ചമാകുമെന്ന് പുരാവസ്തു-പുരാരേഖ- മ്യൂസിയം വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പുരാവസ്തുവകുപ്പ് ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ കവിയത്രി സുഗതകുമാരിയുടെ ആറന്മുള വാഴുവേലില്‍ തറവാടിന്റെ സമര്‍പ്പണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവിയത്രി സുഗതകുമാരി മാതൃത്വത്തിന്റെയും പ്രകൃതി സ്‌നേഹത്തിന്റെയും ഉദാത്ത മാതൃകയാണ്. പൈതൃക മന്ദിരങ്ങളെ പുരാതന ശൈലിയില്‍തന്നെ ശാസ്ത്രീയമായി പരിരക്ഷിക്കാനാണ് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ആറന്മുളയുടെ പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആറന്മുളയില്‍ ലിറ്റററി മ്യൂസിയം സ്ഥാപിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റില്‍ രണ്ടു കോടി രൂപ അനുവദിച്ചതിന് വീണാ ജോര്‍ജ് എംഎല്‍എ സംസ്ഥാന സര്‍ക്കാരിന് നന്ദി പറഞ്ഞു. കവിയത്രി സുഗതകുമാരിയുടെ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന മണ്ണാണ് ആറന്മുളയുടേതെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
കവിയത്രി സുഗതകുമാരിയുടെ മകള്‍ ലക്ഷ്മീദേവി വാഴുവേലില്‍ തറവാടിന്റെ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന തന്റെ അമ്മയുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നന്ദി രേഖപ്പെടുത്തി.
വാഴുവേലില്‍ തറവാടിന്റെ സമര്‍പ്പണത്തിന്റെ ശിലാ അനാച്ഛാദനവും ഓര്‍മ്മയ്ക്കായി ആല്‍മരവും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രത്യേക തറയില്‍ നട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, മുന്‍ എംഎല്‍എ എ.പത്മകുമാര്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷാകുമാരി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ലാലു പുന്നക്കാട്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് അംഗം ശ്രീലേഖ, എ.പി ജയന്‍, മുണ്ടക്കല്‍ ശ്രീകുമാര്‍, കെ.പി ശ്രീരംഗനാഥന്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശ്, പുരാവസ്തു വകുപ്പ് കണ്‍സര്‍വേഷന്‍ എന്‍ജിനീയര്‍ എസ്.ഭൂപേഷ്, പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍, മ്യൂസിയം വകുപ്പ് ഡയറക്ടര്‍ എസ്.അബു, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍പിള്ള, ആര്‍ട്ടിസ്റ്റ് സൂപ്രണ്ട് ആര്‍.രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.