ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയിൽ നവോദയ സ്കൂളിലെ ദേശീയ ബാസ്കറ്റ് ബോൾ പ്ലേയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ. കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരോട് നേരിട്ട് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. മരണപ്പെട്ടത് ആറാട്ടുപുഴയിൽ നിന്നുള്ള മത്സ്യ തൊഴിലാളി കുടുംബാംഗമായ പെൺകുട്ടിയാണെന്നും റാഗിങ്ങ് സംബന്ധിച്ച സൂചനകൾ നിലവിൽ ലഭ്യമായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മന്ത്രി സ്കൂൾ പ്രിൻസിപ്പൽ ജോളി ടോമിയുമായി കൂടികാഴ്ച്ച നടത്തി. വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.
നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് സ്കൂൾ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ സ്വദേശി നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാം ക്ലാസ് മുതൽ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. നേഹയുടെ ഹോസ്റ്റൽ മുറിയടക്കം പോലീസ് പരിശോധിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.