പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂൾ വിദ്യാർത്ഥിനി ആശിർനന്ദയുടെ മരണത്തിൽ അധ്യാപകർക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി പോലീസ്. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്സ് കോൺവെൻ്റ് സ്കൂളിലെ അഞ്ച് അധ്യാപകർക്കെതിരെയായിരുന്നു ആശിർനന്ദയുടെ കുടുംബത്തിൻ്റെ പരാതി. ആത്മഹത്യ പ്രേരണയ്ക്ക് കൊലക്കുറ്റം ചുമത്തി കേസെടുക്കണം എന്നായിരുന്നു ആവശ്യം. നിയമോപദേശം തേടിയ ശേഷം അധ്യാപകർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്തത്.
മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയതിൽ മനംനൊന്താണ് ആത്മഹത്യയെന്ന കുടുംബത്തിൻ്റെ ആരോപണത്തിന് പിന്നാലെ സ്കൂൾ അധികൃതർക്കെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ഇതോടെ അനിശ്ചിതകാലത്തേക്ക് സ്കൂൾ അടച്ചിടുകയും ചെയ്തിരുന്നു. ആരോപണ വിധേയരായ പ്രിൻസിപ്പൾ ഉൾപ്പെടെ അഞ്ച് അധ്യാപകരെ പുറത്താക്കുകയും പുതിയ പിടിഎ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ആശിർനന്ദയുടെ ആത്മഹത്യയിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണ വിധേയരായ അധ്യാപകരുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.