പത്തനംതിട്ട : പത്തനംതിട്ടയിലെ അഗ്നിവീർ പരിശീലന വിദ്യാർത്ഥിനി ഗായത്രിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് രണ്ടാനച്ഛൻ ചന്ദ്രശേഖരൻപിള്ള. ഗായത്രി ആത്മഹത്യ ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ല. പ്രായത്തിൽ കൂടുതൽ പക്വതയുള്ള കുട്ടിയായിരുന്നു ഗായത്രി എന്നും ചന്ദ്രശേഖരൻപിള്ള പറഞ്ഞു. ആത്മഹത്യയെങ്കിൽ പിന്നിലെ കാരണം കണ്ടെത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടൂരിലെ പരിശീലന കേന്ദ്രത്തിൽ ഗായത്രിയെ ചേർക്കരുതെന്ന് അമ്മ രാജിയോട് താൻ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദർശ് എന്ന ഒരാൾ തന്നെ കുറച്ച് നാൾ മുമ്പ് വിളിച്ചിരുന്നു. ഗായത്രിയെ കണ്ടുകൊണ്ടാണ് ആ വീട്ടിൽ കയറിയതെന്ന് ആദർശ് തന്നോട് പറഞ്ഞു. ആദർശിനേക്കുറിച്ചും അടൂരിലെ പരിശീലന കേന്ദ്രത്തെക്കുറിച്ചും അന്വേഷണം നടത്തണം എന്നും ചന്ദ്രശേഖരൻപിള്ള ആവശ്യപ്പെട്ടു. മുറിഞ്ഞ കല്ല് സ്വദേശിയായ 19-കാരി ഗായത്രിയെ ഫെബ്രുവരി 10-നാണ് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പെൺകുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.