പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകണമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വാക്കുകളോട് പ്രതികരിച്ച് എ കെ ബാലൻ. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പേരാട്ടമാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റുന്ന ബോധത്തിലേക്ക് അദ്ദേഹം തരം താണുപോകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ബാലൻ പറഞ്ഞു. കുടുംബത്തോടൊപ്പം പാലക്കാട് പിഎംജി ഹയർസെക്കന്ററി സ്കൂളിലെത്തി എ കെ ബാലൻ വോട്ട് ചെയ്തു.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം വിജയിക്കും. 100 സീറ്റുകളിൽ അധികം എൽഡിഎഫ് നേടും. ബിജെപി യുടെ സ്വാധീനം ഇല്ലാതാവും. കോൺഗ്രസിനുള്ളിൽ പൊട്ടലും ചീറ്റലുമാണെന്നും ജമാഅത്തെയും ലീഗും യുഡിഎഫിന് നേതൃത്വം കൊടുക്കുന്നതിനാൽ കോൺഗ്രസിലെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും ബാലൻ പാലക്കാട് പറഞ്ഞു.
മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നാണ് നേരത്തേ ജി സുകുമാരൻ നായർ ആഹ്വാനം ചെയ്തത്. ജനങ്ങൾക്ക് സമാധാനം തരുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് എൻഎസ്എസ് ആഗ്രഹിക്കുന്നതെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. ചങ്ങനാശ്ശേരി മണ്ഡലത്തിലെ വാഴപ്പള്ളി സെന്റ് തെരേസസ് ഹൈസ്കൂളിലാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ വോട്ട് ചെയ്യാൻ എത്തിയത്.