കുട്ടനാട് : വേനൽമഴയ്ക്ക് ശമനമില്ലാത്തത് നെൽക്കർഷകരെ ആശങ്കയിലാക്കുന്നു.
മഴപെയ്യുന്നതിനാൽ പല പാടശേഖരങ്ങളിലും വെള്ളക്കെട്ടുണ്ട്. 350 ഏക്കർ വരുന്ന കാവാലം മണിയങ്കരി പാടത്ത് തിങ്കളാഴ്ച കൊയ്ത്ത് നടക്കേണ്ടതായിരുന്നു. എന്നാൽ മഴയിൽ പാടത്ത് വെള്ളക്കെട്ടായതിനാൽ യന്ത്രം താഴുമോയെന്ന ഭയത്താൽ കൊയ്ത്ത് മാറ്റേണ്ടിവന്നെന്ന് പാടശേഖരസമിതി സെക്രട്ടറി എം.പി. രവീന്ദ്രനാഥൻനായർ പറഞ്ഞു. യന്ത്രമിറങ്ങിയ പാടങ്ങളിലാകട്ടെ കൊയ്ത്തിന് മെല്ലെപ്പോക്കായിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലെടുത്ത തീരുമാനമനുസരിച്ച് മണിക്കൂറിനു യന്ത്രവാടക 2100-2200 രൂപയാണ്. നിലംപതിക്കാത്ത നെൽച്ചെടികൾ കൊയ്യുന്നതിന് പരമാവധി ഒന്നര മണിക്കൂറിൽ കൂടാൻ പാടില്ലെന്നുമായിരുന്നു തീരുമാനം. ഇത് അട്ടിമറിക്കപ്പെടുകയാണെന്ന് കർഷകർ ആരോപിക്കുന്നു.
മഴയത്ത് വീഴാത്ത നെൽച്ചെടികൾപോലും രണ്ടു മണിക്കൂറിൽ കൂടുതൽ സമയമെടുത്താണ് കൊയ്യുന്നത്. നിലംപതിച്ച നെൽച്ചെടികൾ നാലുമണിക്കൂർ വരെ സമയമെടുത്താണ് കൊയ്യുന്നത്. കൊയ്ത്തുയന്ത്രത്തിന്റെ ഇടനിലക്കാർ കൊയ്ത്തിന്റെ സമയദൈർഘ്യം മനപ്പൂർവം കൂട്ടുന്നതായി കർഷകർ ആരോപിക്കുന്നു. ചോദ്യം ചെയ്യുമ്പോൾ കൊയ്ത്തുനിർത്തുമെന്നു ഭീഷണിപ്പെടുത്തുന്നുമുണ്ട്. ജില്ലയിൽ പുഞ്ചക്കൃഷി വിളവെടുപ്പ് പുരോഗമിക്കുമ്പോൾ സർക്കാർ തീരുമാനങ്ങൾ പാലിക്കാതെയാണു പല ഇടനിലക്കാരും പ്രവർത്തിക്കുന്നതെന്ന് കർഷകനായ ജിമ്മിച്ചൻ തോട്ടുപുരയ്ക്കൽ ആരോപിച്ചു.