പന്തളം : ശക്തമായ വേനൽമഴയും മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റും കരിങ്ങാലിപ്പാടത്ത് കൊയ്ത്ത് പ്രതിസന്ധിയിലാക്കി. കഴിഞ്ഞദിവസങ്ങളിൽ തുടർച്ചയായിപെയ്ത മഴയാണ് കരിങ്ങാലിപ്പാടശേഖരത്തിൽ വെള്ളക്കെട്ടിന് കാരണമായത്. വേനൽമഴ തുടങ്ങിയതുമുതൽ ഡീസൽ പമ്പുപയോഗിച്ച് പാടത്തെ വെള്ളം ചാലിലേക്ക് അടിച്ചുവറ്റിച്ചുകൊണ്ടിരിക്കുകയാണ് കർഷകർ. വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ യന്ത്രം ഇറക്കാനാകാതെ കൊയ്ത്ത് തടസ്സപ്പെട്ട പാടങ്ങളുമുണ്ട്. കരിങ്ങാലിപ്പാടത്ത് യുവാക്കൾ ചേർന്ന് കൃഷിയിറക്കിയ മൂന്നുകുറ്റി, മണ്ണിക്കൊല്ല, കരീലച്ചിറ എന്നീ പാടങ്ങളിൽ തുടക്കംമുതൽ പ്രതിസന്ധിയാണ്. ആദ്യം കൃഷിയിറക്കാനായി പാടത്തെ വെള്ളം വറ്റിക്കലായിരുന്നു പ്രശ്നം. ഒരു മാസത്തിലധികം താമസിച്ചാണ് കൃഷി ഇറക്കാനായത്. കുമിൾരോഗമാണ് പിന്നീട് കർഷകരെ വിഷമിപ്പിച്ചത്. മൂന്നുകുറ്റിയിലും കരീലച്ചിറയിലും 15 ഏക്കറോളം സ്ഥലത്ത് കുമിൾരോഗബാധയുണ്ടായി.
പിന്നീടാണ് വേനൽമഴയും കാറ്റും നാശംവിതച്ചത്. മണ്ണിക്കൊല്ലയിലും മൂന്നുകുറ്റിയിലുമായി രണ്ടേക്കറോളം പാടത്തെ നെല്ല് വെള്ളത്തിലേക്ക് ചാഞ്ഞുപോയി. കതിരുവിളഞ്ഞ നെൽച്ചെടി വെള്ളത്തിലായതോടെ ഇത് കിളിർക്കാനും സാധ്യതയുണ്ട്. പാടത്ത് വിളഞ്ഞുകൊയ്യാൻ പാകമായി കിടക്കുന്ന നെല്ല് വെള്ളം കയറുന്നതിനുമുമ്പ് കൊയ്‌തെടുക്കാനാകുമോ എന്ന ആശങ്കയിലാണ് കർഷകർ. രണ്ടാഴ്ചമുമ്പേ കരക്കണ്ടങ്ങളിൽ കൊയ്ത്ത് നടത്തിയെങ്കിലും വെള്ളം വറ്റിക്കാനുള്ള കാലതാമസം കാരണം പടിഞ്ഞാറൻമേഖലയിലുള്ള കുഴിക്കണ്ടങ്ങളിൽ കൃഷിയിറക്കിയത് താമസിച്ചാണ്. അതുകൊണ്ടുതന്നെ കൊയ്ത്തും താമസിക്കുന്നു. കൊയ്ത്തുതുടങ്ങിയ വാളകത്തിനാൽ പുഞ്ചയിൽ യന്ത്രം പുതഞ്ഞതുകാരണം കൊയ്ത്ത് മുടങ്ങിയിരുന്നു. കരിങ്ങാലി പാടത്തിന്റെ ചിലഭാഗങ്ങളിൽ വെള്ളം അടിച്ചുവറ്റിച്ച് കൃഷിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ കർഷകർ നടത്തുന്നത്.