കോഴിക്കോട്: വിദ്യാലയങ്ങൾ തുറക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ സ്കൂൾ, കോളജ് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന വൈകുന്നു. വാഹനങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പിന്റെ മാർഗനിർദേശം വൈകുന്നതുമൂലം സ്കൂൾ അധികൃതരും വാഹന ഉടമകളും ആശങ്കയിലാണ്. അവസാന സമയം പൊടുന്നനെ പരിശോധന തീയതി പ്രഖ്യാപിക്കുന്നതുമൂലം പരിശോധന പ്രഹസനമാകുമെന്നാണ് ആക്ഷേപം. ജില്ലയിൽ നൂറുകണക്കിന് വാഹനങ്ങളാണ് പരിശോധിക്കേണ്ടത്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ ബസ് ഡ്രൈവർമാർക്കായി ഇ.ഐ.ബി ഡ്രൈവർ പരിശീലനം സംഘടിപ്പിക്കേണ്ടതുമുണ്ട്. സബ് ആർ.ടി.ഒക്കുകീഴിൽ ഇതിനുള്ള തീയതി തീരുമാനിച്ചിട്ടുണ്ടെങ്കിലും ഒരിടത്തും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
വാഹനങ്ങളുടെ സങ്കേതിക കാര്യങ്ങൾക്കുപുറമെ ജി.പി.എസ്, വേഗപ്പൂട്ട് എന്നിവയുടെ പ്രവർത്തനം, വാതിലുകൾ, സീറ്റുകൾ എന്നിവയും വിശദമായി പരിശോധിക്കേണ്ടതാണ്. ഓരോ തവണയും പുതിയ മാനദണ്ഡങ്ങളാണ് വകുപ്പ് നിർദേശിക്കാറുള്ളത്. വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ് സംവിധാനം സുരക്ഷമിത്ര സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ച് ടാഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വിദ്യാവാഹൻ ആപ്പുമായി ടാഗു ചെയ്യേണ്ടതുമാണ്. എങ്കിൽ മാത്രമേ സ്കൂൾ വാഹനങ്ങളുടെ വിവരം മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷമിത്ര പോർട്ടലിൽ ലഭിക്കുകയുള്ളൂ. സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് അത്തരം വാഹനങ്ങൾ ഓടിച്ച് 10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
സ്കൂളിന്റെ പേര്, ഫോൺ നമ്പർ, എമർജൻസി കോൺടാക്ട് നമ്പർ എന്നിവ വാഹനങ്ങളുടെ ഇരുവശങ്ങളിലും പതിക്കേണ്ടതാണ്. കഴിഞ്ഞ വർഷത്തേതിനു സമാനമായി തന്നെയാണ് ഇത്തവണയും മാർഗനിർദേശങ്ങളെന്നും ഇതു സംബന്ധിച്ച് ട്രാൻസ്പോർട്ട് കമീഷണുറടെ ഓഫിസിൽനിന്ന് തീരുമാനം ഉടൻ ഉണ്ടാകുമെന്നുമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചത്. ഫിറ്റ്നസ് നേടിയ വാഹനങ്ങൾക്ക് സ്റ്റിക്കർ പതിക്കുമെന്നും അത്തരം വാഹനങ്ങളിലേ വിദ്യാർഥികളെ കയറ്റാൻ അനുവദിക്കൂവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. 34 സുരക്ഷാ മാനദണ്ഡങ്ങളാണ് സ്കൂൾ വാഹനങ്ങൾക്കുണ്ടാവുകയെന്നാണ് വിവരം.