കാസർഗോഡ് : മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. കേസ് ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണു സൂചന.
കേസെടുത്താൽ പണം നൽകിയതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന് എതിരെ രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാകും ഇത്. തട്ടിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തൽ, പണം നൽകി സ്വാധീനിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്താനാണു സാധ്യത.
ഇന്നലെ ബദിയടുക്ക സ്റ്റേഷനിലെത്തിച്ച് പോലീസ് കെ.സുന്ദരയുടെ മൊഴിയെടുത്തു. 3 പോലീസുകാരെ സുരക്ഷയ്ക്കായി നൽകി. തെരഞ്ഞെടുപ്പിൽ നിന്നു പിന്മാറാൻ സമ്മർദം ചെലുത്താൻ തട്ടിക്കൊണ്ടു പോയെന്നതടക്കം മൊഴി നൽകിയെന്നാണു സൂചന. പരാതിക്കാരനായ വി.വി.രമേശന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി.
ബിജെപി നേതാവ് സുനിൽ നായിക് സുന്ദരയുടെ വീട്ടിലെത്തിയ ചിത്രങ്ങളും പുറത്തു വന്നു. കൊടകര കുഴൽ പണവുമായി ബന്ധപ്പെട്ട കേസിലും സുനിൽ നായിക്കിന്റെ പേര് ഉയർന്നിരുന്നു. യുവമോർച്ചയുടെ മുൻ ട്രഷറർ കൂടിയായ സുനിൽ കെ.സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ളയാളാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് മാർച്ച് 21നാണ് ഇവർ സുന്ദരയുടെ വീട്ടിലെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സുനിൽ നായിക് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വീട്ടിലെത്തിയ നേതാക്കളുടെ ചിത്രം ചോദ്യം ചെയ്യലിനിടെ സുന്ദര തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശി സുനിൽ നായിക്, കാസർകോട് സ്വദേശികളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പണം വാങ്ങിയിട്ടില്ലെന്നു പറയാൻ ബിജെപി നേതാക്കൾ അമ്മയെ നിർബന്ധിച്ചെന്നും സുന്ദര പറഞ്ഞു.