പത്തനംതിട്ട : ജില്ലയില്‍ ഞായറാഴ്ച ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണില്‍ കര്‍ശന നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. അവശ്യസേവന വിഭാഗങ്ങള്‍ക്ക് ഇളവുകളുണ്ട്. പാല്‍ വിതരണവും സംഭരണവും, പത്രം, മാധ്യമങ്ങള്‍, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോര്‍, അനുബന്ധ സേവനങ്ങള്‍, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജന ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഒഴികെയുള്ള സാമൂഹിക ഒത്തുചേരലുകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തന അനുമതിയുണ്ട്. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ക്ക് രാവിലെ എട്ടു മണി മുതല്‍ രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കാം. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം പത്തു മണി വരെ വീടുകളില്‍ എത്തിക്കാന്‍ അനുമതിയുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും മേല്‍ സൂചിപ്പിച്ച അനുവദനീയമായ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങള്‍ നടത്തുന്നവര്‍ക്കും സഞ്ചരിക്കാന്‍ അനുമതിയുണ്ട്. ഇത് അല്ലാത്തവര്‍ അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ ജില്ലാ കളക്ടറില്‍ നിന്നോ പോലീസില്‍ നിന്നോ പാസ് വാങ്ങണം. ചരക്കു വാഹനങ്ങള്‍ അനുവദിക്കും. തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട ഉത്പാദന മേഖലയിലെ വ്യവസായങ്ങള്‍, ഇപ്പോള്‍ നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതിയുണ്ട്. നടന്നും സൈക്കിളില്‍ പോകുന്നതിനും അനുമതിയുണ്ട്.