ചടയമംഗലം : സാമൂഹ്യ പ്രവര്‍ത്തക ഡോ.എം.എസ് സുനില്‍ ഭവനരഹിതരായ നിരാലംബര്‍ക്ക് പണിത് നല്‍കുന്ന 216-ാമത് സ്നേഹ ഭവനം ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താല്‍ ചടയമംഗലം ഇലവക്കോട് അര്‍ച്ചനാ ലയത്തില്‍ അജിതയും വിജയനും രണ്ട് കുട്ടികളും അടങ്ങിയ കുടുംബത്തിന് നല്‍കി. വീടിന്റെ താക്കോല്‍ ദാനം ക്ഷീര വികസന വകുപ്പ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി നിര്‍വഹിച്ചു.
ഏറെ ചിലവ് ചുരുക്കി അനേകര്‍ക്ക് ഭവനം ഒരുക്കി നല്‍കുന്ന ടീച്ചറുടെ പ്രവര്‍ത്തനം മാതൃകയാക്കേണ്ടതും അംഗീകരിക്കേണ്ടതാണ് എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. 12 വര്‍ഷങ്ങളായി അജിതയും വിജയനും വൃദ്ധയായ മാതാവിനോടും രണ്ട് കുഞ്ഞുങ്ങളോടൊപ്പം ഇടിഞ്ഞുപൊളിഞ്ഞ ഒറ്റമുറി പ്ലാസ്റ്റിക് കൊണ്ട് മറച്ച കുടിലിലായിരുന്നു താമസം.
ഹൃദ്രോഗിയായ വിജന്‍ മത്സ്യകച്ചവടം ചെയ്താണു കുടുംബം പുലര്‍ത്തിയിരുന്നത്. വീട്ടു ചിലവിനു പോലും ബുദ്ധിമുട്ടിയിരുന്ന ഇവരുടെ അവസ്ഥ കൊല്ലം ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്ന എ. റഹിമാണ് ടീച്ചറുടെ ശ്രദ്ധയിര്‍പ്പെടുത്തിയത്.
ഇവരുടെ അവസ്ഥ നേരില്‍ കണ്ട് മനസ്സിലാക്കിയ ടീച്ചര്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താല്‍ രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താല്‍ പണിയുന്ന അഞ്ചാമത്തെ വീടാണ് ഇത്. ചടങ്ങില്‍ റിട്ട. ഡെപ്യൂട്ടി കളക്ടര്‍ എ. റഹിം., കെ. പി. ജയലാല്‍., അഭിജിത്ത് യശോധരന്‍ എന്നിവര്‍ പ്രസംഗിച്ചു.