പത്തനംതിട്ട : സാമൂഹ്യപ്രവർത്തക ഡോ.എം.എസ് സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 244-ാമത്തെ സ്നേഹഭവനം മാനാംപുഴ കൃഷ്ണശ്രീയിൽ വിധവയായ വിജയകുമാരിക്കും മകൾക്കുമായി ഷിക്കാഗോ മലയാളിയായ മറിയാമ്മയുടെ സഹായത്താൽ പണിതു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ഡോ.എം.എസ് സുനിൽ നിർവഹിച്ചു. അഞ്ചു വർഷങ്ങൾക്കു മുമ്പ് വിജയകുമാരി യുടെ ഭർത്താവ് രാധാകൃഷ്ണൻ ഹൃദയാഘാതം മൂലം മരണപ്പെടുകയും വിജയകുമാരിയും മകൾ ദേവീകൃഷ്ണയും വാടകയ്ക്ക്പോലും താമസിക്കാൻ നിവൃത്തിയില്ലാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുകയും നിത്യ ചിലവിനു പോലും ബുദ്ധിമുട്ടുകയും ആയിരുന്നു.
ഇവരുടെ വീടിനടുത്തായി സുനിൽ ടീച്ചർ മറ്റൊരാൾക്ക് വീട് പണിയുവാൻ വന്നപ്പോഴാണ് അമ്മയുടെയും മകളുടെയും ദയനീയാവസ്ഥ കാണുവാൻ ഇടയായത്. അങ്ങനെയാണ് ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 sq. ft വലുപ്പമുള്ള വീട് നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ പ്രോജക്റ്റ് മാനേജർ കെ.പി ജയലാൽ, എം.ബേബി, യു.തോമസ്, ഉദയകുമാർ.ഡി, രാജേഷ് കുമാർ, ശ്രീജ രാജേഷ് എന്നിവർ പ്രസംഗിച്ചു.