പത്തനംതിട്ട : ഓണമെത്തി. മാവേലിവേഷത്തില്‍ സുനില്‍കുമാറിനിത് 30-ാം വര്‍ഷം. ഇനിയുള്ള ദിനങ്ങളില്‍ കിരീടവും വേഷവും അഴിച്ചുവെയ്ക്കാന്‍ പോലുമാകില്ലെന്ന് മാവേലി വേഷത്തില്‍ ശ്രദ്ധേയനായ അടൂര്‍ സുനില്‍ കുമാര്‍. ഓണക്കാലമാകുമ്പോള്‍ നിരവധി മാവേലി വേഷധാരികളെത്തുമെങ്കിലും അവരില്‍ നിന്നെല്ലാം വ്യത്യസ്തമാകുന്ന വേഷവിധാനങ്ങളാണ് സുനില്‍ കുമാറിന്റേത്. 28 ദിവസത്തെ വ്രതാനുഷ്ഠാനം കൊണ്ടാണ് ഒരു മാവേലി വേഷത്തിന്റെ പൂര്‍ത്തീകരണം. ആടയാഭരണങ്ങള്‍ എല്ലാം രാജകീയ പ്രൗഢിയോടെ തിളങ്ങണമെന്നാണ് സുനില്‍ കുമാറിന്റെ ആഗ്രഹം. ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ ക്ഷണപ്രകാരം കഴിഞ്ഞ 18 വര്‍ഷമായി ഉത്രട്ടാതി ജലമേളയില്‍ മാവേലി വേഷധാരിയായി സുനില്‍കുമാര്‍ എത്താറുണ്ട്.
പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയായിരുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ മാവേലി വേഷത്തിലെത്താനായത് ജീവിതത്തില്‍ ലഭിച്ച അസുലഭ മുഹൂര്‍ത്തമാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. 2012ലെ അത്തച്ചമയ മഹോത്സവ മത്സരത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. വിവിധ പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിക്കഴിഞ്ഞു. ദക്ഷിണേന്ത്യയിലെ പുരാണ കഥാപാത്രങ്ങളായ അര്‍ജുനന്‍, ഭീമന്‍ തുടങ്ങിയ ഇതിഹാസ പുരുഷന്‍മാരുടെ കിരീടവുമായി സാദൃശ്യമുള്ളതാണ് സുനില്‍ അണിയുന്ന കിരീടം. ഭാര്യ രജനിയും മകള്‍ മീനാക്ഷിയുമാണ് കിരീടത്തിന്റെ ശോഭ വര്‍ധിപ്പിക്കുന്നതിനുള്ള രൂപ കല്പന നടത്തുന്നതെന്നും സുനില്‍ പറഞ്ഞു. രാജകീയത്വം തോന്നുംവിധത്തിലുള്ള ഷൂ കൊണ്ടു നിര്‍മിച്ച മുനയുള്ളതും സ്വര്‍ണ നിറത്തിലുള്ളതുമായ പാദരക്ഷയാണ് സുനില്‍ കുമാര്‍ ധരിക്കുന്നത്. സ്ഫടിക കഷണങ്ങള്‍ കൊണ്ടുള്ളതാണ് കണ്ഠലങ്ങള്‍. ഇത് ഇരുട്ടിലും പ്രകാശിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.