തിരുവനന്തപുരം: പേവിഷ ബാധയേറ്റ് മരിച്ച കൊല്ലം വിളക്കുടി സ്വദേശി നിയ ഫൈസലിന് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.എസ് ബിന്ദു. ‘ഈ മാസം ഒന്നാം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടേക്ക് വരുമ്പോൾ തന്നെ പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിയാത്തത് ദൗർഭാഗ്യകരമായ കാര്യമാണ്. ചെയ്യാൻ കഴിയുന്ന എല്ലാ ചികിത്സയും കുഞ്ഞിന് നൽകി. വാക്സിന്‍ ഫലപ്രദമല്ലെന്ന് പറയാൻ കഴിയില്ല’. നിയയുടെ മാതാവ് ക്വാറൻ്റൈനിലല്ലെന്നും അതിന്‍റെ ആവശ്യമില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
വാക്സിനുമായി ബന്ധപ്പെട്ട് ഇനിയും പരിശോധനകൾ നടത്തും. തെരുവ് നായയുടെ ആക്രമണത്തിലുണ്ടാകുന്ന മുറിവ് തുന്നിക്കെട്ടി വെക്കാറില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇമ്മ്യൂണോഗ്ലോബുലിന് നൽകിയാലും അത്തരം മുറിവുകളിൽ ഫലപ്രദമാകില്ല. തെരുവ് നായ ആക്രമണത്തില്‍ കുട്ടികളിൽ ആഴത്തിലുള്ള മുറിവുകളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗൈഡ് ലൈൻ അനുസരിച്ചുള്ള ചികിത്സാരീതി തന്നെയാണ് ചെയ്യുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഏപ്രില്‍ എട്ടാം തിയതി ആയിരുന്നു ഏഴു വയസുകാരിയെ തെരുവുനായ കടിച്ചത്. പിന്നാലെ എല്ലാ പ്രതിരോധ വാക്സിനും എടുത്തു. ഇരുപത്തിയെട്ടാം തീയതി കുട്ടിക്ക് പനി ഉണ്ടായി. ഇതോടെയാണ് നില പൂർണമായും മോശമായത്.